അമേരിക്കയെ വിമര്‍ശിക്കുന്ന 13000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്;നടപടി ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി

ഇറാനുമായും റഷ്യയുമായും ചൈനയുമായും ബന്ധമുള്ള അക്കൗണ്ടുകളാണ് നീക്കം ചെയ്തത്

അമേരിക്കയെ വിമര്‍ശിക്കുന്ന 13000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്;നടപടി ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി
dot image

വാഷിങ്ടണ്‍: അമേരിക്കയെ വിമര്‍ശിക്കുന്ന 13000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഇറാന്‍ ബന്ധമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്നാണ് എക്സ് അറിയിച്ചിരിക്കുന്നത്. ഇറാനുമായും റഷ്യയുമായും ചൈനയുമായും ബന്ധമുള്ള അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടെ ലക്ഷ്യം വയ്ക്കുന്ന അക്കൗണ്ടുകള്‍ വ്യാജമാണെന്നാണ് എക്‌സ് നല്‍കുന്ന വിശദീകരണം.

യുഎസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യാനും അവ പ്രചരിപ്പിക്കാനും ഈ ശൃംഖലകള്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായാണ് എക്‌സ് അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെയും പ്രമുഖ വ്യക്തികളെയും ലക്ഷ്യമിട്ടായിരുന്നു ഈ പ്രവര്‍ത്തനം. 'സ്പാം ശൃംഖലകളായാലും, സ്വാധീനം ചെലുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരായാലും, ഞങ്ങളുടെ പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലുള്ള, സംഘടിതമായ വ്യാജ പെരുമാറ്റങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു,' എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് ടീം പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

2026-ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ നടപടികള്‍ വിശദീകരിക്കുന്നതിനിടയിലാണ്, സജീവമായ പരിശോധനകളിലൂടെ ഈ അക്കൗണ്ടുകള്‍ കണ്ടെത്തിയതെന്ന് കമ്പനി അറിയിച്ചു. ഇറാനുമായി ബന്ധമുള്ള, സ്വാധീനം ചെലുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെയും ഈ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിയിട്ടുണ്ട്. 2020-ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ പൊതുചര്‍ച്ചകളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണം മുമ്പ് നടന്നിരുന്നു. പിന്നാലെ ഇറാനില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന 238 അക്കൗണ്ടുകള്‍ തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതായി 2021-ല്‍ ട്വിറ്റര്‍ (അന്നത്തെ പേര്) അറിയിച്ചിരുന്നു. ഈ അക്കൗണ്ടുകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ലെന്നും പൊതുചര്‍ച്ചകളില്‍ ഇവ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ലെന്നും ട്വിറ്റര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

Content Highlights: X has removed 13,000 accounts reportedly linked to Iran, Russia and China ahead of the US midterm elections. The platform said the accounts posted content that could influence American politics and targeted political candidates. X described the accounts as fake, amid concerns over foreign influence on the electoral process.

dot image
To advertise here,contact us
dot image