

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഡല്ഹി പൊലീസ് ക്രൂരമായി മര്ദ്ദിച്ച എന്എസ്യുഐ പ്രവര്ത്തക ആതിര വിജയന്റെ പരാതിയില് കേരളത്തില് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സീറോ എഫ്ഐആര് ആണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. സംഭവത്തില് ഡല്ഹി പൊലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല.
കൊണോട്ട് പ്ലേസിലെ മിന്നല് പ്രതിഷേധത്തിനിടെയായിരുന്നു ഡല്ഹി സര്വ്വകലാശാലയിലെ നിയമ വിദ്യാര്ത്ഥി കൂടിയായ ആതിരെയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും ക്രൂരമായി മര്ദ്ദിക്കുന്നതും. വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്ദ്ദിച്ചുവെന്നാണ് പരാതി. ദേഹമാസകലം പരിക്കേറ്റ ആതിര ആശുപത്രിയില് ചികിത്സ തേടിയിരുന്നു.
തങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ് വാനില് വനിതാ പൊലീസ് ഇല്ലാത്തതു ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമര്ദ്ദനമെന്ന് ആതിര വിശദീകരിച്ചിരുന്നു. കൊണാട്ട് പ്ലേസിലെ സ്റ്റേഷന് മുന്നില് വാന് നിര്ത്തി വനിതാ പൊലീസുകാര് വാനിനുള്ളിലേക്ക് കയറി മര്ദ്ദിക്കുകയായിരുന്നു. മര്ദ്ദനത്തില് കേള്വി ശക്തിക്ക് തകരാറുണ്ടായെന്നും ആതിര ആരോപിച്ചിരുന്നു.
Content Highlights: A case has been registered in Kerala based on NSUI activist Athira Vijayan