

ന്യൂഡല്ഹി: കോണ്ഗ്രസിന്റെ സിജെപി നിലപാടില് മാറ്റം എന്ന് റിപ്പോര്ട്ട്. സിജെപിയെ പ്രതിപക്ഷ നിരയുടെ ഒപ്പം ചേര്ക്കണമെന്ന് കോണ്ഗ്രസില് ധാരണ ആയതായാണ് വിവരം. രാഹുല് ഗാന്ധിയുടെ ചായ സല്ക്കാരത്തിലേക്ക് അഭിജീത് ദീപ്കെയും ക്ഷണിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വഴിയാണ് അഭിജീത്തിനെ രാഹുലിന്റെ വസതിയിലേക്ക് ക്ഷണിച്ചത്. എന്നാല് അഭിജീത്ത് മഹാരാഷ്ട്രയില് ആയതിനാല് അനുകൂല മറുപടി നല്കിയില്ല. സിജെപി നേതാക്കളുടെ അറസ്റ്റിനെതിരെ രാഹുല്ഗാന്ധി സംസാരിച്ചതും നിലപാട് മാറ്റത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്.
സമാധാന പരമായ സമരത്തിന്റെ ഭാഗമായി ജന്തര് മന്തറില് ത്രിവര്ണ പതാക വീശുന്നത് കുറ്റകരമല്ലെന്നായിരുന്നു രാഹുല് ഗാന്ധിയുടെ എക്സ് പോസ്റ്റ്. അതിന്റെ പേരില് യുവാക്കളെ ജയിലില് ഇടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. വിദ്യാര്ത്ഥികളും യുവാക്കളും മാധ്യമപ്രവര്ത്തകരും ഇന്ഡ്യ സഖ്യവും പല ബാനറുകള് ഉയര്ത്തും. എന്നാല് എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്. പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള് സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു. ജന്തര് മന്തര് ജനങ്ങളുടേതാണെന്നും അത് തങ്ങള് തിരിച്ചുപിടിക്കുമെന്നും രാഹുല് ഗാന്ധി പറഞ്ഞിരുന്നു.
അതിനിടെ മഹാരാഷ്ട്രയില് മാധ്യമങ്ങളെ കണ്ട സിജെപി സ്ഥാപകന് അഭിജീത്ത് ദീപ്കെയും ഇന്ഡ്യ സഖ്യത്തിന്റെ സമരങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സിജെപിയും ഇന്ഡ്യ മുന്നണിയും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നായിരുന്നു അഭിജീത്തിന്റെ പരാമര്ശം. നിരവധി വിഷയങ്ങളില് സിജെപിയും കോണ്ഗ്രസും ഒരേ പക്ഷത്താണെങ്കിലും, ആ സംഘടനയുടെ നേതാക്കള്ക്കൊപ്പം ഒരേ വേദി പങ്കിടുന്നത് രാഹുല് ഗാന്ധി ഒഴിവാക്കിപ്പോന്നിരുന്നു.
നീറ്റ് പരീക്ഷാ പേപ്പര് ചോര്ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള് നടന്നപ്പോള് അദ്ദേഹം ജന്തര് മന്തറിലേക്ക് പോയിരുന്നില്ല. ഒക്ടോബര് 10-ന് സിജെപി നടത്തിയ പ്രതിഷേധത്തില് കോണ്ഗ്രസ് പങ്കെടുത്തിരുന്നില്ല. മുംബൈയില് സിജെപിക്ക് പ്രതിഷേധിക്കാന് അനുമതി നല്കിയപ്പോള് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ഒരു കോണ്ഗ്രസ് നേതാവ് ചോദിച്ചിരുന്നു. ഒക്ടോബര് 2-ന് സിജെപി നേതാവ് സൗരവ് ദാസ് കോണ്ഗ്രസിനെ വിമര്ശിച്ച് രംഗത്ത് വരുന്ന സാഹചര്യവുമുണ്ടായി. തങ്ങളുടെ പരാജയങ്ങള്ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് കോണ്ഗ്രസ് എന്നായിരുന്നു സൗരവ് ദാസിന്റെ വിമര്ശനം. കോണ്ഗ്രസിന്റെ ആവാസവ്യവസ്ഥ ചിലപ്പോഴൊക്കെ ബിജെപിയുടേതിനേക്കാള് മോശമാണ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭരണഘടനയെ രക്ഷിക്കുന്നതില് തങ്ങള്ക്ക് മാത്രമാണ് കുത്തകാവകാശമെന്ന് അവകാശപ്പെടുന്നതിന് പകരം, യുവാക്കളെ പിന്തുണയ്ക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കാന് പാര്ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights: Reports indicate that Congress may be reconsidering its stance on CJP and considering bringing the group closer to the opposition camp. Abhijit Deepke was reportedly invited to a tea gathering at Rahul Gandhi’s residence through advocate Prashant Bhushan but could not attend because he was in Maharashtra. Rahul Gandhi’s statements opposing the arrest of CJP leaders are also being viewed as a sign of a possible shift in Congress’s position.