വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമം; മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി

ആക്ഷേപങ്ങളില്‍ വ്യാഴാഴ്ച നേരിട്ട് ഹാജരായി മറുപടി നല്‍കണമെന്നും നിർദ്ദേശം

വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമം; മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി
dot image

ന്യൂഡൽഹി: റിപ്പോര്‍ട്ടര്‍ ടിവിയിലെ ഉള്‍പ്പടെയുള്ള വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമത്തില്‍ ഡൽഹി പൊലീസിനെതിരെ സുപ്രീം കോടതി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി സംഭവം വിശദീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ആക്ഷേപങ്ങളില്‍ വ്യാഴാഴ്ച നേരിട്ട് ഹാജരായി മറുപടി നല്‍കണം. നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമവും പ്രതിഷേധ സ്ഥലത്തുനിന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയതും അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന സാഹചര്യം ഉറപ്പാക്കണമെന്നും നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി പാടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും സുപ്രീം കോടതിയില്‍ വാദമുയര്‍ത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന യുവജന പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ടി വി മാധ്യമ പ്രവര്‍ത്തകരായ റോഷ്‌നി രാജന്‍, ഫര്‍സ ടി എം എന്നിവരെയാണ് ഡല്‍ഹി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തത്. ഇവരടങ്ങുന്ന ഒരു സംഘത്തെ പൊലീസ് വാനില്‍ കയറ്റി കൊണ്ടുപോയി വൈകുന്നേരത്തോടെയാണ് വിട്ടയച്ചത്. റിപ്പോര്‍ട്ടിംഗിനിടെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാനിലേക്ക് കയറ്റിയത്. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഇവരോട് പൊലീസ് വ്യക്തമാക്കിയിരുന്നില്ല. വൈകുന്നേരത്തോടെയാണ് ഇവരെ പൊലീസ് വിട്ടയച്ചത്.

Content Highlights: supreme court questions delhi police over women journalists including reporter tv

dot image
To advertise here,contact us
dot image