

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ നടപടി ആവശ്യപ്പെട്ടും എസ്‌ഐആറിലെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടും ഇന്‍ഡ്യ മുന്നണി ഇന്നലെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 14 പിഴവുകളെന്ന് റിപ്പോർട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയില്‍ വ്യക്തതക്കുറവ് ഉണ്ട്. നല്‍കിയിരിക്കുന്ന ഫോട്ടോ കോപ്പിയിലും വ്യക്തത കുറവുണ്ടെന്നാണ് വിവരം. കോടതിയില്‍ ഫീസ് അടച്ചതിലും 220 രൂപയുടെ കുറവുണ്ട്. ആവശ്യമായ വക്കാലത്തുകളും സമര്‍പ്പിച്ചിട്ടില്ല.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി പ്രസാദ് യാദവ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എസ്പി) എംപി സുപ്രിയ സുലെ, ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് എന്നിവരുടെ വക്കാലത്തുകളാണ് സമര്‍പ്പിച്ചിട്ടില്ലാത്തത്. പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് സമാനമായ സ്വഭാവമുള്ള ഒരു റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികളെ എന്തിനാണ് എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിലും രജിസ്ട്രി ഒരു ചോദ്യം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഒന്നാം എതിര്‍കക്ഷിയായി ഉള്‍പ്പെടുത്തിയതിന് പുറമേ, മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളായി ചേര്‍ത്ത നടപടിയെക്കുറിച്ചാണ് ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. പിഴവുകള്‍ തിരുത്തി നല്‍കണമെന്നാണ് സുപ്രീം കോടതി രജിസ്ട്രി നിര്‍ദേശിച്ചിരിക്കുന്നത്. പിഴവുകള്‍ തിരുത്തി നല്‍കേണ്ട കാലതാമസം ഹര്‍ജി പരിഗണിക്കുന്നതിനെ ബാധിക്കും എന്നാണ് വിലയിരുത്തുന്നത്.
ഇന്നലെ ഇന്‍ഡ്യ മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. വൈകുന്നേരം 4:30-നുള്ള സമയപരിധിക്കുള്ളില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നേരിട്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, അഭിഭാഷകന്‍ എസ് പ്രസന്നയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണം എന്നതടക്കം 10 ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. എസ്ഐആറിന്റെ ഭരണഘടനാ പരമായ സാധുത പരിശോധിക്കുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഹര്‍ജിക്കാരുടെ പാരാതിയില്‍ തെരഞ്ഞടുപ്പ് കമ്മീഷനോട് നടപടിക്ക് നിര്‍ദ്ദേശം നല്‍കുക, നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ക്കനുസൃതമായി ഓണ്‍ലൈന്‍ ഫോം-6 ക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക, എസ്ഐആറിലെ ക്രമക്കേടുകള്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷിക്കുക, എസ്ഐആറില്‍ നിന്ന് നീക്കം ചെയ്തവരുടെ പേരുകളും അതിനുള്ള കാരണവും പരസ്യപ്പെടുത്തുക, നോട്ടീസ് നല്‍കാതയോ ഹിയറിംഗ് നടത്താതയോ ഒരു വോട്ട് പോലും നീക്കം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കുക, ഇപ്പോള്‍ നടക്കുന്ന എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, വിഷയത്തില്‍ കോടതി ഉചിതമെന്ന് കരുതുന്ന മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
ഇന്നലെ നടന്ന 'ഇന്‍ഡ്യ' സഖ്യത്തിന്റെ വമ്പന്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. കൂടാതെ യുവ നേതാക്കളായ നേഹ ബോറ, ഐഷി ഘോഷ് എന്നിവരും സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി, ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് രാഹുല്‍ ഗാന്ധിയെ കാണാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീം കോടതിയില്‍ സംയുക്ത ഹര്‍ജി സമര്‍പ്പിച്ചത്.
Content Highlights: The INDIA Alliance petition filed in the Supreme Court seeking action against the Chief Election Commissioner and a comprehensive investigation into SIR reportedly contains 14 defects. Reports cite unclear identification documents submitted by Congress president Mallikarjun Kharge, a Rs 220 shortfall in court fees and missing required vakalatnamas.