'നിങ്ങളുടെ സര്‍ക്കാരുകളോട് ആദ്യം രാജിവെക്കാന്‍ പറയൂ'; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശര്‍മ

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ

'നിങ്ങളുടെ സര്‍ക്കാരുകളോട് ആദ്യം രാജിവെക്കാന്‍ പറയൂ'; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശര്‍മ
dot image

ഗുവാഹത്തി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ കാലാവധിക്കിടയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്നാണ് ഹിമന്ത രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. ആദ്യം നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രൂപീകരിച്ച സര്‍ക്കാരിന്റെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയും അവരോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യണം. കേരളം, ജാര്‍ഖണ്ഡ്, കര്‍ണാടക, തെലങ്കാന എന്നിവടങ്ങളിലെ സര്‍ക്കാരിനോട്, തമിഴ്‌നാട്ടില്‍ നിങ്ങളുടെ സഖ്യത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരിനോടും രാജിവെക്കാന്‍ പറയണം. മാത്രമല്ല, ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടര്‍ന്നാൽ യുപിയിലെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കണം', ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഒപ്പം ഈ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അവരുടെ സര്‍ക്കാരുടെ രാജികള്‍ക്ക് സന്നദ്ധമാണെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ തയ്യാറാണെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകമാനം നടക്കാനിരിക്കുന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കണം. തെരഞ്ഞടുപ്പുകള്‍ ബഹിഷ്‌കരിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ വിശ്വാസമില്ലെങ്കില്‍ ഇവയുടെ ഫലങ്ങളെ തള്ളിപ്പറയാനും ധൈര്യമുണ്ടാകണമെന്നും ഹിമന്ത ബിശ്വ ശര്‍മ ആവര്‍ത്തിച്ചു. അതേസമയം നിലവില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ ആവശ്യകത എന്താണെന്നും ഹിമന്ത ബിശ്വ ശര്‍മ വിശദീകരിച്ചു. അതിര്‍ത്തി കടന്നുള്ള കടന്നുകയറ്റം മൂലം പതിറ്റാണ്ടുകളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യാ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തില്‍ എസ്‌ഐആർ അനിവാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

'ഇന്ത്യയ്ക്ക് എസ്‌ഐആര്‍ ആവശ്യമാണ്. അസം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ ജനസംഖ്യാപരമായി വലിയ മാറ്റമാണ് അനധികൃത കുടിയേറ്റം മൂലം ഉണ്ടായത്. എല്ലാ ദിവസവും അനധികൃത കുടിയേറ്റം നടക്കുന്നുണ്ട്. നമ്മുടെ വോട്ടര്‍ പട്ടികയില്‍ നിന്നും ഇത്തരക്കാരുടെ പേരുകള്‍ ഒഴിവാക്കിയില്ലെങ്കില്‍, ഇന്ത്യയുടെ ജനസംഖ്യാഘടനയെ തന്നെ മാറ്റിമറിക്കും', അസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൂടാതെ വിദേശശക്തികളുടെ ആജ്ഞ പ്രകാരമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Assam Chief Minister Himanta Biswa Sarma challenged Rahul Gandhi to ask Congress ruled state governments to resign first.

dot image
To advertise here,contact us
dot image