

ഗുണനിലവാരവുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് നീല ത്രീ പ്ലൈ ഫേസ് മാസ്കിന്റെ ഒരു ബാച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായി വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) ഉത്തരവിട്ടു. Nin 160 FMB-NML ബ്രാൻഡിലുള്ള മാസ്കുകളുടെ 20251015 എന്ന ബാച്ചാണ് തിരിച്ചുവിളിക്കുന്നത്. ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഈ ബാച്ചിലെ ചില മാസ്കുകളിൽ വിദേശ വസ്തുക്കളുടെ സാന്നിധ്യമോ മലിനീകരണമോ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.
ദുബായ് സ്വകാര്യ ആരോഗ്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഇതുസംബന്ധിച്ച നോട്ടീസ് നൽകി. ഇവ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. തിരിച്ചുവിളിച്ച ബാച്ചിലുള്ള മാസ്കുകളുടെ വിൽപ്പന, വിതരണം, കൈമാറ്റം, ഉപയോഗം എന്നിവ ഉടൻ നിർത്താൻ ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കും നിർദേശം നൽകുകയും എത്രത്തോളം ഇറക്കുമതി ചെയ്തു, വിതരണം ചെയ്തു, തിരികെ ലഭിച്ചു, നിലവിൽ എത്ര സ്റ്റോക്കുണ്ട് തുടങ്ങിയ വിവരങ്ങൾ EDE ക്ക് കൈമാറണം.
നിലവിലുള്ള സ്റ്റോക്ക് കണ്ടെത്തി പ്രത്യേകം മാറ്റിവയ്ക്കുകയും വിതരണക്കാരന് തിരികെ നൽകുകയും വേണം. കണ്ടെത്തിയതും മാറ്റിവച്ചതും തിരികെ നൽകിയതുമായ മാസ്കുകളുടെ എണ്ണവും രേഖപ്പെടുത്തി സൂക്ഷിക്കണം. ഉൽപ്പന്നത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികളോ ഉപയോഗവുമായി ബന്ധപ്പെട്ട പ്രതികൂല സംഭവങ്ങളോ ഉണ്ടായാൽ EDEയുടെ അംഗീകൃത റിപ്പോർട്ടിങ് സംവിധാനങ്ങളിലൂടെ അറിയിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങളും 20251015 എന്ന ബാച്ച് നമ്പറിലുള്ള മാസ്കുകളുടെ ഉപയോഗം ഉടൻ നിർത്തണം. വാങ്ങിയ കടയിലോ വിതരണക്കാരനോടോ ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ തിരികെ നൽകാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
ജൂണിൽ SCITRA നിർമിച്ച Goodbye All Insects ബ്രാൻഡിലുള്ള രണ്ട് കീടനാശിനി ഉൽപ്പന്നങ്ങൾ യുഎഇ അധികൃതർ തിരിച്ചുവിളിച്ചിരുന്നു. രജിസ്റ്റർ ചെയ്യാത്ത ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട നിയമപരവും സാങ്കേതികവുമായ ലംഘനങ്ങളാണ് നടപടിക്ക് കാരണമായത്. ഇവയിൽ ഒരു ഉൽപ്പന്നത്തിൽ നിരോധിത പദാർഥവും കണ്ടെത്തിയിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ ഉൽപ്പന്നം വിപണിയിൽനിന്ന് ഉടൻ പിൻവലിച്ചു. ജനുവരി 27ന് നെസ്‌ലെയുടെ ചില ശിശു ഫോർമുല ഉൽപ്പന്നങ്ങളും യുഎഇയിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി തിരിച്ചുവിളിച്ചതായി EDE അറിയിച്ചിരുന്നു. ഉൽപ്പാദനത്തിനുപയോഗിച്ച അസംസ്കൃത വസ്തുവിൽ Bacillus cereus എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. ഈ ബാക്ടീരിയയ്ക്ക് സെറുലൈഡ് എന്ന വിഷവസ്തു ഉൽപ്പാദിപ്പിക്കാൻ കഴിയും. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി നെസ്‌ലെയുമായി ഏകോപിപ്പിച്ചാണ് അന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്.
Content Highlights: UAE has ordered a precautionary recall of a batch of Nin 160 blue three-ply face masks, batch number 20251015, following quality concerns identified during inspections.