'ദൃശ്യം 3' ഹിന്ദി പതിപ്പിനെ പ്രശംസിച്ച് മോഹൻലാൽ; ക്ലൈമാക്സ് മികച്ചതെന്ന് താരം

ജനപ്രിയ യാത്രയ്ക്ക് അനുയോജ്യമായ അവസാനം: ഹിന്ദി 'ദൃശ്യം 3'-യെ അഭിനന്ദിച്ച് മോഹൻലാൽ

'ദൃശ്യം 3' ഹിന്ദി പതിപ്പിനെ പ്രശംസിച്ച് മോഹൻലാൽ; ക്ലൈമാക്സ് മികച്ചതെന്ന് താരം
dot image

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ നേട്ടം കൈവരിച്ച ചിത്രമാണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ എത്തിയ 'ദൃശ്യം'. രാജ്യത്തിനകത്തും പുറത്തുമായി ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ഈ ക്രൈം ത്രില്ലര്‍ ഫ്രാഞ്ചൈസി. തിയറ്ററില്‍ എത്തിയ ഒന്നും മൂന്നും പതിപ്പുകള്‍ വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും (ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ രണ്ടാം പതിപ്പ് ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു) ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ച പ്രേക്ഷകപ്രീതി മലയാളത്തില്‍ മൂന്നാം ഭാഗത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ കഥയില്‍ വ്യത്യാസത്തോടെയെത്തിയ ദൃശ്യം 3 ഹിന്ദി റീമേക്ക് ആ ജനപ്രീതി സ്വന്തമാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ ഹിന്ദി ദൃശ്യം 3-യെ പ്രശംസിച്ച് നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ഞാൻ ദൃശ്യം: ദ കൺക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാർ മംഗത് പഥക്, അജയ് ദേവ്ഗൺ, കൂടാതെ ചിത്രത്തിന്റെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു', എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.

ഒക്ടോബര്‍ 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 3 ആദ്യ ഷോകള്‍‌ക്കിപ്പുറം തന്നെ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ വമ്പന്‍ ബോക്സ് ഓഫീസ് പ്രതികരണം നേടിയ ചിത്രം ദിവസങ്ങള്‍ക്കിപ്പുറവും അത് തുടരുകയാണ്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായകൻ. മലയാളം പതിപ്പിന്റെ മൂന്നാംഭാഗത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണ് 'ദൃശ്യം: ദ കൺക്ലൂഷൻ'. മലയാളത്തിൽ ചിത്രത്തിന് നാലാം ഭാഗമുണ്ടാവുമെന്ന സൂചന നിർമാതാക്കൾ നൽകിയിരുന്നു. എന്നാൽ, ഹിന്ദിയിൽ ഫ്രാഞ്ചൈസി അവസാനിപ്പിക്കാൻ പോവുകയാണെന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്.

അജയ് ദേവ്ഗണിന് പുറമേ ജയ്ദീപ് അഹ്‌ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്ന് എഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്.

Content Highlights: Mohanlal has congratulated the team behind Hindi 'Drishyam 3' following the film's reported success. His message comes as the Drishyam franchise continues to draw attention among audiences.

dot image
To advertise here,contact us
dot image