'ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതികളെ ഓർമ്മിപ്പിക്കുന്നു'; മാധ്യമപ്രവർത്തകരുടെ കസ്റ്റഡിയെ അപലപിച്ച് പ്രസ് ക്ലബ്

മാധ്യമപ്രവർത്തകരെ തടയില്ലെന്ന് ഉറപ്പ് നൽകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ

'ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതികളെ ഓർമ്മിപ്പിക്കുന്നു'; മാധ്യമപ്രവർത്തകരുടെ കസ്റ്റഡിയെ അപലപിച്ച് പ്രസ് ക്ലബ്
dot image

ന്യൂഡൽഹി: സിജെപി പ്രതിഷേധം റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെ തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ. മാധ്യമപ്രവർത്തകരെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയും കാരണം കൂടാതെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതികളെ ഓർമ്മിപ്പിക്കുന്നുവെന്നും തടവിലാക്കപ്പെട്ട എല്ലാ സഹപ്രവർത്തകരോടും തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു. പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ കടമയാണ്. അവ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടയില്ലെന്ന് ഉറപ്പ് നൽകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

ഡൽഹി പൊലീസ് തലസ്ഥാനത്തുടനീളം നൂറുകണക്കിന് ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുകയായിരുന്ന മാധ്യമപ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് ബസുകളിൽ കയറ്റി ഛത്രസാൽ സ്റ്റേഡിയം, ചാണക്യപുരി പൊലീസ് സ്റ്റേഷൻ തുടങ്ങിയ തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.

പരൻജോയ് ഗുഹ താക്കൂർത്ത, 'ദ ക്വിന്റ്', 'ദ വയർ', 'സ്ക്രോൾ', 'റിപ്പോർട്ടർ ടിവി', 'നവഭാരത് ടൈംസ്', 'ന്യൂസ്‌ലോൺട്രി' തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരാണ് കസ്റ്റഡിയിലായത്. പ്രസ് കാർഡുകൾ വ്യക്തമായി പ്രദർശിപ്പിച്ചിട്ടും, ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് തങ്ങളെയും കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോർട്ടർമാർ പറഞ്ഞത്.

കസ്റ്റഡിയിലായ മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക റിപ്പോർട്ടിങ് ഫോണുകൾ പിടിച്ചെടുത്തതായും പരാതികളുണ്ട്. ഇത്തരം നടപടികൾ മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് എന്ന് പിസിഐ പറഞ്ഞു. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം പിഐബി അംഗീകാരത്തെ മാത്രം ആശ്രയിച്ചുള്ളതാകാൻ പാടില്ല. ഡിജിറ്റൽ, സ്വതന്ത്ര മാധ്യമ മേഖലയിലുള്ള വലിയൊരു വിഭാഗത്തിന് പിഐബി കാർഡുകളില്ലെങ്കിലും നിയമപ്രകാരം അവർ അംഗീകൃത മാധ്യമപ്രവർത്തകരാണ്. ഈ കാര്യങ്ങൾ പൊലീസ് കമ്മീഷണർക്ക് ഈ ആഴ്ച ആദ്യം നൽകിയ സംയുക്ത നിവേദനത്തിൽ തങ്ങൾ വ്യക്തമാക്കിയതാണ് എന്നും നിവേദനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാനാണ് പൊലീസ് തീരുമാനിച്ചത് എന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറയുന്നു.

പിന്നാലെ നാല് കാര്യങ്ങളും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കസ്റ്റഡിയിലുള്ള എല്ലാ മാധ്യമപ്രവർത്തകരെയും ഉടൻ വിട്ടയക്കുക, പിടിച്ചെടുത്ത ഫോണുകളും ഉപകരണങ്ങളും ഉടൻ തിരികെ നൽകുക, ഡൽഹി പൊലീസ് പരസ്യമായി മാപ്പ് പറയുകയും, പ്രസ് ഐഡികൾ കണ്ടിട്ടും മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ച് അന്വേഷണം നടത്തുക, മാധ്യമപ്രവർത്തകരെ തടയില്ല എന്ന് ഉറപ്പ് വരുത്തുക എന്നതാണ് ആ നാല് ആവശ്യങ്ങൾ.

Content Highlights: The Press Club of India protested against journalists being prevented from covering the CJP protests and taken into custody. The organisation said such actions reminded it of the methods of a fascist regime and expressed solidarity with all detained journalists.

dot image
To advertise here,contact us
dot image