'എനിക്കെതിരെ നടപടിയെടുക്കണം, അവര്‍ വാഗ്ദാനം പാലിക്കാത്തത് തെറ്റ്' -തുറന്നടിച്ച് ക്രിസ്റ്റ്യാനോ

ഇനിയും ലംഘിക്കപ്പെടുന്ന വാഗ്ദാനങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ ഇറങ്ങിപ്പോരാന്‍ തീരുമാനിച്ചുവെന്നും റൊണാള്‍ഡോ

'എനിക്കെതിരെ നടപടിയെടുക്കണം, അവര്‍ വാഗ്ദാനം പാലിക്കാത്തത് തെറ്റ്' -തുറന്നടിച്ച് ക്രിസ്റ്റ്യാനോ
dot image

ഫുട്‌ബോള്‍ ലോകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച, പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാമ്പില്‍ നിന്നുള്ള തന്റെ പെട്ടെന്നുള്ള വിടവാങ്ങലിനെക്കുറിച്ച് ഒടുവില്‍ മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഹെഡ് കോച്ച് ജോര്‍ജ്ജ് ജീസസുമായുള്ള ഭിന്നതയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ റൊണാള്‍ഡോ, താന്‍ ഇപ്പോഴും ദേശീയ ടീമിനായി കളിക്കാന്‍ ലഭ്യമാണെന്ന് വ്യക്തമാക്കി.

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കിടെ ടീമിലെ തന്റെ പങ്കിനെച്ചൊല്ലി പരിശീലകന്‍ ജീസസുമായി ഉണ്ടായ ആശയവിനിമയത്തിലെ തടസ്സങ്ങളെത്തുടര്‍ന്നാണ് താരം ദേശീയ ക്യാമ്പ് വിട്ടിറങ്ങിയത്. സൗദി ക്ലബ്ബായ അല്‍ നസ്‌റിന്റെ പരിശീലകനായി ജോര്‍ജ്ജ് ജീസസ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത്, അദ്ദേഹത്തിന് കീഴില്‍ കിരീടം നേടിയ ടീമിലെ പ്രധാന കണ്ണിയായിരുന്നു 41-കാരനായ ഈ പോര്‍ച്ചുഗീസ് ഇതിഹാസം.

നോര്‍വേയ്‌ക്കെതിരായ പോര്‍ച്ചുഗലിന്റെ മത്സരത്തിലാണ് റൊണാള്‍ഡോയും പരിശീലക സംഘവും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. മത്സരത്തിന് മുന്‍പായി, കളിയുടെ രണ്ടാം പകുതിയില്‍ ഇറങ്ങുമെന്ന പ്രതീക്ഷയില്‍ റൊണാള്‍ഡോയോട് വാം-അപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒടുവില്‍ ക്രിസ്റ്റ്യാനോയെ കളത്തിലിറക്കേണ്ടതില്ലെന്ന് ജീസസ് തീരുമാനിക്കുകയായിരുന്നു. ഇത് ഇതിഹാസ സ്‌ട്രൈക്കറെ ബെഞ്ചില്‍ ഏറെ നിരാശനാക്കി. തന്ത്രപരമായ കാരണങ്ങളാലാണ് ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയതെന്ന് ജീസസ് അവകാശപ്പെട്ടെങ്കിലും, അത് ഒരിക്കല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കോച്ചും കളിക്കാരനും തമ്മിലുള്ള അകലം വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിച്ചുള്ളൂ.

സംഭവത്തിന് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിശദമായ കുറിപ്പില്‍ റൊണാള്‍ഡോ കുറിച്ചു: 'എനിക്ക് ശാരീരികമായി സുഖമുണ്ടെങ്കില്‍, ക്ലബ്ബിനായി ഗോളുകള്‍ നേടി കളിക്കുന്നുണ്ടെങ്കില്‍, എനിക്ക് ലഭിച്ചേക്കാവുന്ന വിലക്ക് പൂര്‍ത്തിയായ ശേഷം - എന്നത്തെയും പോലെ പോര്‍ച്ചുഗലിനായി കളിക്കാനും വിജയിക്കാനും ഞാന്‍ ലഭ്യമായിരിക്കും.' ടീം വിടാനുള്ള തീരുമാനത്തെക്കുറിച്ച് റൊണാള്‍ഡോ പറഞ്ഞത്, മത്സരത്തിനിടയില്‍ വാം-അപ്പ് ചെയ്തിട്ടും ബെഞ്ചിലിരുത്തിയതില്‍ താന്‍ അസംതൃപ്തനായിരുന്നു എന്നാണ്. 'ബാക്കി കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പകുതി സമയം മുതല്‍ ഞാന്‍ വാര്‍ം-അപ്പ് ചെയ്തു, സമയം കടന്നുപോകുന്നത് നോക്കിനിന്നു, പക്ഷേ എന്നെ വിളിച്ചില്ല,'* റൊണാള്‍ഡോ പറഞ്ഞു. 'മാനേജര്‍ എനിക്ക് തന്ന വാക്ക് ലംഘിച്ചു.'

മുമ്പ് അല്‍ നസ്‌റില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടുള്ള റൊണാള്‍ഡോയും ജീസസും പിന്നീട് ഒരു കൂടിക്കാഴ്ച നടത്തി. സൗദി പ്രോ ലീഗ് ക്ലബ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ സിമാവോ കുട്ടീഞ്ഞോയും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. റൊണാള്‍ഡോയുടെ പറയുന്നതനുസരിച്ച്, ഈ സാഹചര്യത്തെക്കുറിച്ച് ജീസസ് പരസ്യമായി വിശദീകരണം നല്‍കുമെന്നും ഇതിനായി തയ്യാറാക്കിയ എട്ട് പോയിന്റുകളുള്ള പ്ലാന്‍ അനുസരിച്ച് സംസാരിക്കുമെന്നും യോഗത്തില്‍ ധാരണയായിരുന്നു. ജീസസിനോട് മാപ്പ് പറയാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളല്ല പരിശീലകന്‍ പിന്നീട് പരസ്യമായി പറഞ്ഞതെന്നും റൊണാള്‍ഡോ വ്യക്തമാക്കി. 'അദ്ദേഹം എനിക്ക് തന്ന വാഗ്ദാനം ലംഘിക്കുന്നത് ഇത് രണ്ടാം തവണയായിരുന്നു,' റൊണാള്‍ഡോ പറഞ്ഞു. 'ഇനിയും ലംഘിക്കപ്പെടുന്ന വാഗ്ദാനങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ പരിശീലന ക്യാമ്പ് വിടാന്‍ ഞാന്‍ തീരുമാനിച്ചു.'

എന്നാല്‍, റൊണാള്‍ഡോയുമായി ഇത്തരമൊരു ധാരണയിലെത്തിയിരുന്നില്ലെന്ന് ഞായറാഴ്ച ജീസസ് നിഷേധിച്ചു. എങ്കിലും താരത്തിന് പോര്‍ച്ചുഗല്‍ സ്‌ക്വാഡിലേക്ക് തിരിച്ചുവരാനുള്ള വാതില്‍ തുറന്നിടുകയും ചെയ്തു. ക്യാമ്പ് വിട്ടുപോയതില്‍ സഹകളിക്കാരോടും പോര്‍ച്ചുഗീസ് ജനതയോടും റൊണാള്‍ഡോ മാപ്പ് ചോദിച്ചു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ചുമത്തുന്ന ഏത് ശിക്ഷയും അംഗീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അന്താരാഷ്ട്ര കരിയര്‍ ഒരു വിടവാങ്ങല്‍ മത്സരത്തോടെ അവസാനിച്ചേക്കുമെന്ന പ്രചാരണങ്ങള്‍ക്കും പോര്‍ച്ചുഗലിന്റെ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനുമായ റൊണാള്‍ഡോ മറുപടി നല്‍കി: 'വിടവാങ്ങല്‍ മത്സരങ്ങളെക്കുറിച്ചും എനിക്ക് മാന്യമായ ഒരു യാത്രയയപ്പ് വേണമെന്നും ഫെഡറേഷന്‍ എനിക്ക് ആ അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നുമൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടു. ജീവിതത്തില്‍, പലപ്പോഴും വിശന്ന വയറുമായി ഒന്നും കഴിക്കാനില്ലാതെ കഴിച്ചുകൂട്ടിയ നാളുകളില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട് - ആരും ആര്‍ക്കും ഒന്നും സൗജന്യമായി നല്‍കില്ല.'
'എന്റെ എല്ലാ ആരാധകര്‍ക്കും, പ്രത്യേകിച്ച് പോര്‍ച്ചുഗീസ് ജനതയ്ക്കും ഞാന്‍ ഒരു കാര്യം ഉറപ്പുനല്‍കാം; നമുക്ക് ഒന്നോ അതിലധികമോ വിടവാങ്ങല്‍ മത്സരങ്ങള്‍ ഉണ്ടാകും, അതിന് സമയമുണ്ട്. എന്നാല്‍ ഞാന്‍ ദേശീയ ടീമിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, എന്റെ മനസ്സില്‍ വരുന്നത് പോരാടുക എന്നത് മാത്രമാണ്.'


'എന്റെ പിതാവിന്റെ മരണവാര്‍ത്ത അറിയുന്ന ദിവസവും ഞാന്‍ ചിന്തിച്ചത് ഇതാണ്. അന്ന് ഞാന്‍ ദേശീയ ടീമിന്റെ ക്യാമ്പിലായിരുന്നു, പിറ്റേ ദിവസത്തെ മത്സരം കഴിയുന്നതുവരെ അവിടെ തുടരാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ക്ലബ്ബിനും വേണ്ടി ഞാന്‍ ചെയ്യാത്ത കാര്യമാണ് അന്ന് എന്റെ രാജ്യത്തിന് വേണ്ടി ഞാന്‍ ചെയ്തത്.' റൊണാള്‍ഡോയുടെ ഈ പ്രസ്താവനയോടെ പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച ആശങ്കകള്‍ക്ക് താല്‍ക്കാലിക ശമനമായിട്ടുണ്ട്. വെറുതെയൊരു യാത്രയയപ്പ് മത്സരത്തില്‍ പങ്കാളിയാകുന്നതിനേക്കാള്‍ ദേശീയ ടീമിനായി തുടര്‍ന്നും പോരാടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അഞ്ച് തവണ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഈ താരം വ്യക്തമാക്കി.

content highlights: 'Decided to Walk Away, Won't Wait for Unfulfilled Promises': Cristiano Ronaldo Hits Out

dot image
To advertise here,contact us
dot image