

പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിക്കുന്നതോടെ 2027-ൽ ഗൾഫ് സമ്പദ്‌വ്യവസ്ഥ വൻ കുതിച്ചുചാട്ടം നടത്തുമെന്ന് ലോകബാങ്ക് പ്രവചനം. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ കാരണം ഈ വർഷം തിരിച്ചടി നേരിട്ടെങ്കിലും എണ്ണ ഉത്പ്പാദനവും അന്താരാഷ്ട്ര വ്യാപാരവും സാധാരണ നിലയിലാകുന്നതോടെ മേഖല അതിവേഗം സാമ്പത്തിക വളർച്ച കൈവരിക്കും. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളായിരിക്കും ഈ വളർച്ചയിൽ മുന്നിൽ നിൽക്കുക.
യുദ്ധ സാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും കാരണം ഈ വർഷം ജിസിസി സമ്പദ്‌വ്യവസ്ഥയിൽ 4.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ സംഘർഷങ്ങൾക്ക് ശമനമാകുന്നതോടെ 2027-ഓടെ എണ്ണ ഉത്പ്പാദനം, ചരക്കുനീക്കം, വിനോദസഞ്ചാര മേഖല എന്നിവ പൂർണ്ണതോതിൽ പുനരാരംഭിക്കും. ഇത് അടുത്ത വർഷത്തോടെ ഗൾഫ് മേഖലയ്ക്ക് അതിവേഗ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ.
ഈ വർഷം സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയിൽ രണ്ട് ശതമാനം ഇടിവുണ്ടായെങ്കിലും അടുത്ത വർഷം 7.9 ശതമാനത്തിന്റെ ശക്തമായ വളർച്ച കൈവരിക്കും. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴി ചെങ്കടൽ തീരത്തേക്ക് എണ്ണ സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞത് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചു. സൗദിയുടെ 'വിഷൻ 2030' വികസന പദ്ധതികളും ടൂറിസം മേഖലയിലെ മുന്നേറ്റവും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കരുത്തേകും.
എൽഎൻജി ഉത്പ്പാദനം വീണ്ടും സജീവമാകുന്നതോടെ ഖത്തറിന്റെ ജിഡിപി 26.7 ശതമാനത്തിലേക്ക് കുതിച്ചുയരും. കുവൈറ്റ് 22 ശതമാനവും യുഎഇ 9.5 ശതമാനവും വളർച്ച നേടും. എണ്ണയിതര മേഖലകളിലെ തന്ത്രപ്രധാനമായ മുന്നേറ്റങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസവും മേഖലയുടെ ദീർഘകാല സാമ്പത്തിക വളർച്ച ഉറപ്പാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: The World Bank expects the Gulf region to see a strong economic rebound if the current West Asia crisis eases. GCC economies are projected to contract by 4.3% in 2026, while regional growth excluding Iran could rebound to 7.8% in 2027 as energy production, exports and trade flows recover. World Bank