

ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ പുതിയ ത്രിഭാഷ നയത്തിൽ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവ് നീട്ടിനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. നിലവില്‍ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിരുന്ന ഇളവാണ് ആറാം ക്ലാസുകാര്‍ക്കും കൂടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതി നിരീക്ഷണത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി കോടതി നിര്‍ണായക തീരുമാനം കൈക്കൊള്ളുകയായിരുന്നു.
നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവ് നല്‍കുന്നതിനോട് യോജിക്കാനാകില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സിബിഎസ്ഇ സ്‌കൂളുകളില്‍ 99 ശതമാനവും പുതിയ ഭാഷാ നയം നടപ്പിലാക്കാന്‍ സജ്ജമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. ആകെയുള്ള 28,819 സിബിഎസ്ഇ സ്‌കൂളുകളില്‍ 1.2 ശതമാനം സ്‌കൂളുകള്‍ക്ക് മാത്രമാണ് ഇനി സൗകര്യങ്ങള്‍ ഒരുക്കാനുള്ളതെന്നും പാഠപുസ്തകങ്ങള്‍ ലഭ്യമാണെന്നും കേന്ദ്രം വാദിച്ചു.
2027 മുതല്‍ ആരംഭിക്കുന്ന അടുത്ത അക്കാദമിക് സെഷന്‍ മുതല്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാതൃഭാഷകള്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിക്കുന്നത് നിര്‍ബന്ധമാക്കുന്ന നയം നടപ്പിലാക്കുന്നത് പരിഗണിക്കാന്‍ സെപ്റ്റംബര്‍ 17ന് സുപ്രീം കോടതി സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: The Supreme Court has directed CBSE to extend the existing exemption under its three-language policy to students currently studying in Class 6.