'പ്രതിഷേധം നടത്തിയാൽ ഡൽഹിയിൽ കൈയടി, കേരളത്തിൽ എത്തിയാൽ ചെവിക്കുപിടിത്തം'; പരിഹസിച്ച് ഡിവെെഎഫ്ഐ

പ്രതിഷേധം നടത്തിയാല്‍ ഡല്‍ഹിയില്‍ കൈയടിയും കേരളത്തില്‍ ചെവിക്കുപിടിത്തവുമാണെന്നും ഇതാണോ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് എന്നും വിജിന്‍ ചോദിച്ചു

'പ്രതിഷേധം നടത്തിയാൽ ഡൽഹിയിൽ കൈയടി, കേരളത്തിൽ എത്തിയാൽ ചെവിക്കുപിടിത്തം'; പരിഹസിച്ച് ഡിവെെഎഫ്ഐ
dot image

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കം ചെയ്ത മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഒ ജെ ജനീഷിൻ്റെ പ്രവൃത്തിയെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎൽഎ. സ്വന്തം കൂട്ടര്‍ക്കിടയില്‍ ഇതൊക്കെ പാടുണ്ടോ എന്ന് വിജിൻ പരിഹസിച്ചു. പ്രതിഷേധം നടത്തിയാല്‍ ഡല്‍ഹിയില്‍ കൈയടിയും കേരളത്തില്‍ ചെവിക്കുപിടിത്തവുമാണെന്നും ഇതാണോ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് എന്നും വിജിന്‍ ചോദിച്ചു.

Also Read:

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കരിങ്കൊടി പ്രതിഷേധത്തെ ശരിവെക്കുമ്പോള്‍ വി ഡി സതീശന്‍ അതേ പ്രതിഷേധത്തിന് നേരെ കണ്ണുരുട്ടുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഒരു നിലപാടും ഡല്‍ഹിയില്‍ മറ്റൊരു നിലപാടുമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും വിജിന്‍ പറഞ്ഞു. 'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ജനീഷ് പോസ്റ്റ് ചെയ്തതേയുള്ളൂ. നിമിഷനേരം കൊണ്ട് സതീശന്‍ കണ്ണുരുട്ടി. പോസ്റ്റ് അപ്രത്യക്ഷമായി. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്നൊരു ചൊല്ലുണ്ട്. പണ്ടുതൊട്ടേ അത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പതിച്ചു കൊടുത്തതാണെന്ന് തോന്നുന്നു', ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിജിന്‍ പറയുന്നു. യുവമന്ത്രിയെ ബഹിരാകാശത്തുനിന്ന് താഴെയിറക്കാന്‍ ഒരു പാരച്യൂട്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ ഈ നാട്ടില്‍ ആരുമില്ലേ എന്ന് ചോദിച്ചാണ് വിജിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക എന്നൊരു ചൊല്ലുണ്ട്. പണ്ടുതൊട്ടേ അത് യൂത്ത് കോൺഗ്രസുകാർക്ക് പതിച്ചു കൊടുത്തതാണെന്ന് തോന്നുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ജനീഷ് പോസ്റ്റ് ചെയ്തതേയുള്ളൂ. നിമിഷനേരം കൊണ്ട് സതീശൻ കണ്ണുരുട്ടി. പോസ്റ്റ് അപ്രത്യക്ഷമായി! അല്ലേലും സ്വന്തം കൂട്ടർക്കിടയിൽ ഇതൊക്കെ പാടുണ്ടോ? യുവമന്ത്രിയായാൽ! പക്ഷേ കഥ അവിടംകൊണ്ട് തീരുന്നില്ല. അവിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കരിങ്കൊടി പ്രതിഷേധത്തെ ശരിവെക്കുന്നു.�ഇവിടെ വി.ഡി. സതീശൻ അതേ പ്രതിഷേധത്തിന് നേരെ കണ്ണുരുട്ടുന്നു.

ഒരേ പാർട്ടി.�ഒരേ പ്രതിഷേധം.�പക്ഷേ കേരളത്തിൽ ഒരു നിലപാട്, ഡൽഹിയിൽ മറ്റൊരു നിലപാട്!

അപ്പോൾ ചോദ്യം ഇതാണ്. അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തെ കെ.സി. വേണുഗോപാൽ പിന്തുണയ്ക്കുമ്പോൾ, കേരളത്തിൽ അതേ പ്രതിഷേധം നടത്തിയവരെ നിയന്ത്രിക്കുന്ന വി.ഡി. സതീശന്റെ നടപടിയെക്കുറിച്ച് കെ.സി. വേണുഗോപാലിന്റെ പ്രതികരണം എന്താണ്?

പ്രതിഷേധം നടത്തിയാൽ ഡൽഹിയിൽ കൈയടി,�കേരളത്തിൽ എത്തിയാൽ ചെവിക്കുപിടിത്തം! ഇതാണോ കോൺഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ്? അവസാനം ഒരു സംശയം മാത്രം…യുവമന്ത്രിയെ ബഹിരാകാശത്തുനിന്ന് താഴെയിറക്കാൻ ഒരു പാരച്യൂട്ട് സ്പോൺസർ ചെയ്യാൻ ഈ നാട്ടിൽ ആരുമില്ലേ?

Content Highlights: M Vijin criticised the removal of a social media video showing Youth Congress workers protesting against Union Home Minister Amit Shah with black flags

dot image
To advertise here,contact us
dot image