യുഎഇയിൽ വേനലിന് വിട നൽകി ശരത്കാലം എത്തി; അന്തരീക്ഷ താപനില കുത്തനെ കുറയുന്നു

താപനില കുറയുന്നതിനൊപ്പം രാജ്യത്ത് പുലർച്ചെ അന്തരീക്ഷത്തിൽ ഈർപ്പവും കനത്ത മൂടൽമഞ്ഞിനുള്ള സാധ്യതയും വർദ്ധിക്കും.

യുഎഇയിൽ വേനലിന് വിട നൽകി ശരത്കാലം എത്തി; അന്തരീക്ഷ താപനില കുത്തനെ കുറയുന്നു
dot image

മാസങ്ങൾ നീണ്ട കഠിനമായ ചൂടിന് വിട നൽകി യുഎഇയിൽ ശരത്കാലം കടന്നുവന്നതോടെ രാജ്യത്തുടനീളം താപനിലയിൽ വലിയ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. അൽ ഐനിലെ റക്നയിൽ താപനില 18.6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും മാസങ്ങളിൽ തണുപ്പ് വർദ്ധിക്കുമെന്നും ഒക്ടോബർ മുതൽ രാജ്യത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

സെപ്റ്റംബർ 23-ലെ ശരത്കാല വിഷുവോടെ ജ്യോതിശാസ്ത്രപരമായി യുഎഇയിൽ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചിരുന്നു. ശരത്കാലം പുരോഗമിക്കുന്നതോടെ വരും ആഴ്ചകളിൽ താപനില ക്രമേണ കുറഞ്ഞുവരും. തുടക്കത്തിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമായിരിക്കും. എന്നാൽ നവംബർ ആദ്യത്തോടെ താപനില 18 ഡിഗ്രിയിലേക്കും ഡിസംബർ അവസാനത്തോടെ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസിലേക്കും താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

താപനില കുറയുന്നതിനൊപ്പം രാജ്യത്ത് പുലർച്ചെ അന്തരീക്ഷത്തിൽ ഈർപ്പവും കനത്ത മൂടൽമഞ്ഞിനുള്ള സാധ്യതയും വർദ്ധിക്കും. ശരത്കാലത്തിന്റെ ആദ്യ പകുതിയിലാണ് മൂടൽമഞ്ഞിന് കൂടുതൽ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ രാവിലെ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അതേസമയം, ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ യുഎഇയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ട്. ആഗോള കാലാവസ്ഥയെ വലിയതോതിൽ സ്വാധീനിക്കുന്ന 'എൽ നിനോ' പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് കൂടുതൽ മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വേനൽ ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ പ്രവാസികളും സ്വദേശികളും.

Content Highlights: The UAE has entered the autumn season following the September 23 equinox. Temperatures are gradually declining, with cooler mornings becoming noticeable and a more significant change expected from mid-October.

dot image
To advertise here,contact us
dot image