2024ൽ നരേന്ദ്രമോദി ജയിച്ച വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ആവശ്യവുമായി കോൺഗ്രസ്

മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രകടനം നടത്തിയത്

2024ൽ നരേന്ദ്രമോദി ജയിച്ച വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ആവശ്യവുമായി കോൺഗ്രസ്
dot image

ലഖ്നൌ: 2024ല്‍ നരേന്ദ്ര മോദി ജയിച്ച വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രകടനം നടത്തിയത്. വാരണാസിയിൽ 'വീണ്ടും തിരഞ്ഞെടുപ്പ്' നടത്തണമെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ആര്‍ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം ഒത്തുകൂടി പ്രതിഷേധിക്കുകയായിരുന്നു. കളക്ടറേറ്റിലേക്കും പ്രകടനം നടത്തി. കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് രാജേശ്വര്‍ സിംഗ് പട്ടേലിന്റെയും മഹാനഗര്‍ കോണ്‍ഗ്രസ് കമ്മിറ്റി മേധാവി രാഘവേന്ദ്ര ചൗബെയുടെയും നേതൃത്വത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. '2024 ലെ വാരണാസി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണം. സംഭവത്തില്‍ ന്യായമായ അന്വേഷണം നടത്തണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം സംഘടിപ്പിച്ചത്. സാധാരണക്കാരന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രതിഷേധിച്ച പ്രമുഖ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കിയിരുന്നു. ഗ്യാനേഷ് രാജിവയ്ക്കും വരെ അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നുമാണ് നേതാക്കള്‍ പ്രതികരിച്ചത്.

Content Highlights: Congress staged a protest demanding the cancellation of the 2024 election in which Narendra Modi won from Varanasi.

dot image
To advertise here,contact us
dot image