

ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. ലൈസൻസ് കാലാവധി നീട്ടിയതും സ്കൂളുകളിലെ പ്രവേശന ശേഷി വർദ്ധിപ്പിച്ചതും ഉൾപ്പെടെ നിക്ഷേപകർക്കും സ്കൂൾ മാനേജ്‌മെന്റുകൾക്കും വലിയ ആശ്വാസമാകുന്ന നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്കൂളുകളിലായി 6,883 അധിക സീറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന ലൈസൻസ് കാലാവധിയും ട്രാഫിക് സുരക്ഷാ ലൈസൻസും മൂന്ന് വർഷമായി ഏകീകരിച്ചതാണ് പുതിയ പരിഷ്കാരങ്ങളിലെ പ്രധാന ആകർഷണം. കൂടാതെ, സ്കൂളുകളിലേക്ക് ആവശ്യമായ ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനത്തിന് ഇനി മുതൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്ന ഇളവും നൽകിയിട്ടുണ്ട്.
സ്കൂളുകളിലെ സ്ഥലസൗകര്യവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതാണ് കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം സാധ്യമാക്കുന്നത്. ഒരു വിദ്യാർത്ഥിക്ക് 1.7 ചതുരശ്ര മീറ്റർ ക്ലാസ് മുറി വിസ്തീർണം എന്ന രീതി പുനഃക്രമീകരിച്ചതോടെ, കെട്ടിടങ്ങൾ പുതുതായി വികസിപ്പിക്കാതെ തന്നെ സ്കൂളുകൾക്ക് പ്രവേശന ശേഷി വർദ്ധിപ്പിക്കാനാകും. പുതിയ തീരുമാനം വഴി വിവിധ അന്താരാഷ്ട്ര പാഠ്യപദ്ധതികൾ പിന്തുടരുന്ന 46 സ്കൂളുകളിലായി 6,800-ലധികം അധിക സീറ്റുകളാണ് പെട്ടെന്ന് തന്നെ ലഭ്യമാകുന്നത്.
ഉയർന്ന ഗുണനിലവാരവും മികവും പുലർത്തുന്ന സ്കൂളുകൾക്ക് 30 ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പുതിയ സ്കൂളുകൾക്ക് സർക്കാർ വിദ്യാഭ്യാസ വൗച്ചറുകൾ ലഭിക്കുന്നതിനുള്ള നാല് വർഷത്തെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കി, 2027–28 അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ ഇവ ലഭ്യമാക്കാനും തീരുമാനമായി. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ വിപ്ലവകരമായ മാറ്റങ്ങളിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.
Content Highlights: Qatar’s Ministry of Education and Higher Education has announced a series of reforms for private schools and kindergartens. The changes include three-year licence validity, easier staff recruitment, increased school capacity and new measures to support investment in private education.