അമേരിക്കയും ഇറാനും ഇന്ന് മധ്യസ്ഥ ചർച്ചകൾ നടത്തുമെന്ന് ഇറാൻ മാധ്യമം;ഒന്നിച്ച് ചര്‍ച്ചയില്ലെന്നും റിപ്പോർട്ട്

എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം അറിയിച്ചു

അമേരിക്കയും ഇറാനും ഇന്ന് മധ്യസ്ഥ ചർച്ചകൾ നടത്തുമെന്ന് ഇറാൻ മാധ്യമം;ഒന്നിച്ച് ചര്‍ച്ചയില്ലെന്നും റിപ്പോർട്ട്
dot image

തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടെ ഇരുരാജ്യങ്ങളും മധ്യസ്ഥരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്താനൊരുങ്ങുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാന്‍ പ്രതിനിധി സംഘവും ഇന്ന് ന്യൂയോര്‍ക്കില്‍ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറാന്റെ ISNA വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിര്‍ദേശങ്ങളും ചര്‍ച്ചകളുടെ നിലവിലെ സാഹചര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് പകരമായി സാമ്പത്തിക ഇളവുകള്‍ നല്‍കണമെന്ന ഇറാന്റെ നിര്‍ദേശം ഖത്തര്‍ പ്രതിനിധി സംഘം കഴിഞ്ഞ ആഴ്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ഇറാന്റെ തുറമുഖങ്ങളിലെ അമേരിക്കന്‍ ഉപരോധം നീക്കുക, മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍ വിട്ടുനല്‍കുക, ഇറാന്റെ എണ്ണ വില്‍പ്പനയ്ക്കുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുക എന്നിവയ്ക്ക് പകരമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശത്തിലെ പ്രധാന വ്യവസ്ഥകള്‍.

ചര്‍ച്ചയിലുള്ള കരട് ധാരണപ്രകാരം, ഇറാന്‍ ഒമാനുമായി ചര്‍ച്ച ചെയ്തുവരുന്ന പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലാകും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഒഴിവാക്കണമെന്നത് ഇറാന്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ്. ട്രംപ് നിര്‍ദേശം പരസ്യമായി തള്ളിയെങ്കിലും അമേരിക്ക ഈ പുതിയ നിര്‍ദേശം ഔദ്യോഗികമായി നിരസിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചകളിലെ തന്ത്രത്തിന്റെ ഭാഗമായിരിക്കാമെന്നാണ് കരുതുന്നത്. ജൂണില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ച ധാരണാപത്രപ്രകാരം, ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

പുതിയ ചര്‍ച്ചകള്‍ക്കിടയിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അമേരിക്കയുടെ പുതിയ ആക്രമണങ്ങളെ നേരിടാനും ഇറാന്‍ തയ്യാറാണെന്നും, അതിന് 'അപ്പോക്കലിപ്റ്റിക് യുദ്ധം' തന്നെ നേരിടേണ്ടിവന്നാലും പിന്നോട്ടില്ലെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. തെക്കന്‍ ഇറാന്റെ തീരത്തോട് ചേര്‍ന്നുള്ള സമുദ്ര മേഖലയില്‍ നിന്ന് ശത്രുവിനെ ഇറാന്‍ സൈന്യം അറബിക്കടലിലേക്ക് തുരത്തിയതായി പരമോന്നത നേതാവ് മൊജ്തബ ഖമനേയി അവകാശപ്പെട്ടു. വൈകാതെ അവിടെനിന്നും ശത്രുവിനെ തുരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Iran’s Foreign Minister Abbas Araghchi is set to meet mediators in New York as diplomatic efforts continue over a possible US-Iran ceasefire and the reopening of the Strait of Hormuz

dot image
To advertise here,contact us
dot image