'വോട്ടവകാശം സംരക്ഷിക്കുന്നത് വരെ പോരാട്ടം തുടരും'; ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം

സാധാരണക്കാരന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം

'വോട്ടവകാശം സംരക്ഷിക്കുന്നത് വരെ പോരാട്ടം തുടരും'; ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം
dot image

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നു. ഡല്‍ഹി, ജയ്പൂര്‍, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടാവുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. ജയ്പൂരില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികള്‍ ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജനാധിപത്യത്തിന്റെ കശാപ്പുകാര്‍ എന്ന രീതിയില്‍ വേഷം കെട്ടിയായിരുന്നു പ്രതിഷേധം.

Also Read:

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം സംഘടിപ്പിച്ചത്. സാധാരണക്കാരന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രതിഷേധിച്ച പ്രമുഖ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള റോഡുകള്‍ അടയ്ക്കുകയും യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഗ്യാനേഷ് രാജിവയ്ക്കും വരെ അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നുമാണ് നേതാക്കള്‍ പ്രതികരിച്ചത്.

ഡല്‍ഹിയില്‍ സിപിഐഎമ്മും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഭഗത് സിംഗ് ദിനമായ ഇന്ന് ഡല്‍ഹിയിലെ ഭഗത് സിംഗ് പ്രതിമയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. രാജ്യവ്യാപകമായി കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം. നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കും. മുംബൈ സമരത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ജയില്‍ നിറക്കല്‍ സമരം സംഘടിപ്പിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈയിലെ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചത് ഭയം കൊണ്ടെന്ന് സിജെപി കുറ്റപ്പെടുത്തി. അനുമതിയില്ലെങ്കിലും മുംബൈ സമരവുമായി മുന്നോട്ട് പോകാനാണ് സിജെപിയുടെ തീരുമാനം. ഗാന്ധി ജയന്തി ദിനത്തിൽ വൈകിട്ട് നാലിന് മുംബൈ ശിവജി പാർക്കിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കും.

Content Highlights: Protests are intensifying with demands for Chief Election Commissioner Gyanesh Kumar to resign from office

dot image
To advertise here,contact us
dot image