

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിലെ അധികാര തര്‍ക്കം കൂടുതല്‍ നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. ടാറ്റ ട്രസ്റ്റും ടാറ്റ സണ്‍സ് എന്‍ ചന്ദ്രശേഖരന്‍ പക്ഷവും പ്രമുഖ നിയമ സ്ഥാപനങ്ങളെയും മുതിര്‍ന്ന അഭിഭാഷകരെയും രംഗത്തിറക്കിയിരിക്കുകയാണ്. ഇരു വിഭാഗങ്ങളും തമ്മില്‍ വലിയ നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 17ന് നടന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ എന്‍ ചന്ദ്രശേഖരനെ അഞ്ച് വര്‍ഷത്തേക്ക് കൂടി എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പുനര്‍നിയമിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന്റെ സാധുത ടാറ്റ ട്രസ്റ്റ് പിന്നീട് ചോദ്യം ചെയ്തു.
ടാറ്റ സണ്‍സില്‍ ഏകദേശം 66 ശതമാനം ഓഹരി ടാറ്റ ട്രസ്റ്റിനാണ്. സെപ്റ്റംബര്‍ 17ലെ ചന്ദ്രശേഖരന്റെ പുനര്‍നിയമന തീരുമാനത്തെ ട്രസ്റ്റ് ചോദ്യം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 20ന് പുറത്തിറക്കിയ പ്രസ്താവനയില്‍, ബോര്‍ഡ് പാസാക്കിയ പ്രമേയം സാധുവായ രീതിയില്‍ അംഗീകരിച്ചിട്ടില്ലെന്നും അതിന് 'നിയമപരമായ പ്രാബല്യമില്ലെന്നും' ട്രസ്റ്റ് വ്യക്തമാക്കി. ടാറ്റ ട്രസ്റ്റ് നാമനിര്‍ദേശം ചെയ്യുന്ന ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെ അനുകൂല പിന്തുണ ആവശ്യമാണ് എന്നാണ് ട്രസ്റ്റിന്റെ വാദം.
ഇത്തരത്തിലുള്ള രണ്ട് നോമിനി ഡയറക്ടര്‍മാരാണുള്ളത്. സെപ്റ്റംബര്‍ 17ലെ യോഗത്തില്‍ നോയല്‍ ടാറ്റ, ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ മറ്റൊരു ട്രസ്റ്റ് നോമിനിയായ വേണു ശ്രീനിവാസന്‍ അനുകൂലമായി വോട്ട് ചെയ്തു. അതിനാല്‍ ട്രസ്റ്റ് ഡയറക്ടര്‍മാരുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നാണ് ടാറ്റ ട്രസ്റ്റിന്റെ വാദം.
ബോര്‍ഡിലെ വോട്ടെടുപ്പില്‍ തുല്യ വോട്ടുകള്‍ ലഭിച്ചതോടെ അതിനെ മറികടക്കാന്‍ ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ചതിനെയും ട്രസ്റ്റ് ചോദ്യം ചെയ്യുന്നു. ബോര്‍ഡിലെ വോട്ടുകള്‍ തുല്യമാകുമ്പോള്‍ ചെയര്‍മാന്‍ ഉപയോഗിക്കുന്ന 'കാസ്റ്റിംഗ് വോട്ട്' ട്രസ്റ്റ് ഡയറക്ടര്‍മാരുടെ പ്രത്യേക അനുമതിക്ക് പകരമാകില്ലെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 17ലെ പ്രമേയം തുടക്കം മുതല്‍ തന്നെ അസാധുവാണെന്ന നിലപാടാണ് ട്രസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. പ്രമേയം അന്തിമമായി സാധുവാണോ എന്നത് ബന്ധപ്പെട്ട നിയമനടപടികളിലൂടെ മാത്രമേ തീരുമാനിക്കാനാകൂ. 2017ല്‍ വിരമിക്കുന്നതിന് മുമ്പ് 17 വര്‍ഷത്തിലേറെ ടാറ്റ സണ്‍സിന്റെ ഗ്രൂപ്പ് ജനറല്‍ കൗണ്‍സലായിരുന്ന ഭാരത് വസാനിയും ട്രസ്റ്റിന്റെ നിയമ സംഘത്തിലുണ്ട്.
Content Highlights: Tata Group Power Struggle Moves Towards Legal Battle; Tata Trusts Challenges N Chandrasekaran’s Reappointment