

വീട്ടിലെ പഴയ വൈദ്യുതി മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പലര്‍ക്കും സംശയങ്ങളുണ്ട്. സ്മാര്‍ട്ട് മീറ്റര്‍ വന്നാല്‍ കറന്റ് ബില്‍ കൂടുമോ?, കുറയുമോ?, പ്രീപെയ്ഡ് മീറ്റര്‍ ആണെങ്കില്‍ എങ്ങനെയാണ് പണം നല്‍കേണ്ടത്? തുടങ്ങിയ ചോദ്യങ്ങളും സാധാരണമാണ്.
പേരില്‍ 'സ്മാര്‍ട്ട്' എന്നുണ്ടെങ്കിലും മീറ്റര്‍ മാറിയതുകൊണ്ട് മാത്രം വൈദ്യുതി ഉപയോഗം കുറയുകയോ ബില്‍ കുറയുകയോ ചെയ്യില്ല. എന്നാല്‍ വൈദ്യുതി ഉപയോഗം എളുപ്പത്തില്‍ മനസിലാക്കാനും നിയന്ത്രിക്കാനും ഇത് സഹായിക്കും.

പഴയ വൈദ്യുതി മീറ്ററില്‍ എത്ര യൂണിറ്റ് കറന്റ് ഉപയോഗിച്ചുവെന്ന് മീറ്റര്‍ പരിശോധിച്ചാണ് സാധാരണയായി ബില്‍ തയ്യാറാക്കുന്നത്. ചില സാഹചര്യങ്ങളില്‍ മീറ്റര്‍ റീഡിംഗ് ലഭിക്കാത്തപ്പോള്‍ കണക്കാക്കിയ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലും ബില്‍ തയ്യാറാക്കാം.
എന്നാല്‍ സ്മാര്‍ട്ട് മീറ്റര്‍ ഡിജിറ്റല്‍ സംവിധാനമാണ്. വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും അവ ബന്ധപ്പെട്ട സംവിധാനങ്ങളിലേക്ക് കൈമാറാനും ഇതിന് കഴിയും.
ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത വൈദ്യുതി ഉപയോഗം നിരീക്ഷിക്കാനാകും എന്നതാണ്. ലഭ്യമായ ആപ്പോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് എത്ര വൈദ്യുതി ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. അതായത് പഴയ മീറ്ററില്‍ മാസത്തെ ബില്‍ ലഭിക്കുമ്പോഴാണ് എത്ര വൈദ്യുതി ഉപയോഗിച്ചെന്ന് പലപ്പോഴും മനസിലാകുന്നത്. സ്മാര്‍ട്ട് മീറ്ററില്‍ ഉപഭോഗം കൂടുതല്‍ വിശദമായി നിരീക്ഷിക്കാന്‍ സാധിക്കും.

മീറ്റര്‍ മാറ്റിയതുകൊണ്ട് വൈദ്യുത മാത്രം ബില്‍ കുറയില്ല.ഉദാഹരണത്തിന് ഒരു വീട്ടില്‍ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് കരുതുക. പഴയ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച ശേഷവും 300 യൂണിറ്റ് തന്നെയാണ് ഉപയോഗിക്കുന്നതെങ്കില്‍ മീറ്റര്‍ മാറിയതുകൊണ്ട് മാത്രം വൈദ്യുതി ചാര്‍ജ് കുറയില്ല.
എന്നാല്‍ സ്മാര്‍ട്ട് മീറ്ററിലൂടെ വൈദ്യുതി ഉപയോഗം നിരീക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ഏത് സമയത്താണ് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്, ഉപഭോഗം എത്രയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാന്‍ എളുപ്പമാണ്. ഇതനുസരിച്ച് ഉപയോഗം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ബില്‍ കുറയ്ക്കാനും സാധിക്കും. അതുകൊണ്ടുതന്നെ സ്മാര്‍ട്ട് മീറ്റര്‍ നേരിട്ട് ബില്‍ കുറയ്ക്കുന്ന ഉപകരണമല്ല. വൈദ്യുതി ഉപയോഗം മനസിലാക്കി നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ്.
പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിനെ ലളിതമായി പറഞ്ഞാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതുപോലെയുള്ള വൈദ്യുതി സംവിധാനം എന്ന് മനസിലാക്കാം. ആദ്യം മീറ്റര്‍ പണം ഉപയോഗിച്ച് റീചാര്‍ജ് ചെയ്യണം. തുടര്‍ന്ന് വൈദ്യുതി ഉപയോഗിക്കുന്നതിനനുസരിച്ച് ആ തുകയില്‍നിന്ന് പണം കുറയും. ബാലന്‍സ് കുറയുമ്പോള്‍ അറിയിപ്പും ലഭിക്കും.
അതായത് സാധാരണ മീറ്ററില്‍ ആദ്യം വൈദ്യുതി ഉപയോഗിച്ച് പിന്നീട് ബില്‍ അടയ്ക്കുന്ന രീതിയാണെങ്കില്‍ പ്രീപെയ്ഡ് സംവിധാനത്തില്‍ ആദ്യം പണം അടച്ച് പിന്നീട് വൈദ്യുതി ഉപയോഗിക്കുന്ന രീതിയാണ്.

വൈദ്യുതി എത്ര ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരം ലഭിക്കുന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. ഉപയോഗം ശ്രദ്ധിച്ച് ആവശ്യമില്ലാത്ത സമയത്ത് ഫാന്‍, എസി തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്നത് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാനും അതുവഴി ബില്‍ നിയന്ത്രിക്കാനും സാധിക്കും.
Content Highlights : Let us understand the difference between a smart meter and a conventional electricity meter, and how they work