

ലഖ്‌നൗ: ജാതി സെന്‍സസിന് ശേഷം ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കുമെന്ന് മന്ത്രിയും എന്‍ഡിഎ സഖ്യകക്ഷിയുമായ എസ്ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും എസ്ബിഎസ്പി സംഘടിപ്പിച്ച റാലിയില്‍ രാജ്ഭര്‍ അവകാശപ്പെട്ടു.
വിഭജനം സംബന്ധിച്ച് സൂചിപ്പിച്ചപ്പോള്‍ 'ഓം പ്രകാശ് ജി, നിങ്ങളുടെ പോയിന്റ് ന്യായമാണ്. എന്നാല്‍ ചിലര്‍ അതിന് എതിരാണ്', എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടിയെന്നും മന്ത്രി പറഞ്ഞു. പിന്നെങ്ങിനെയാണ് ഇക്കാര്യത്തില്‍ മുന്നോട്ട് പോവുകയെന്ന് ചോദിച്ചപ്പോള്‍, 'ഞാന്‍ ഒരു ജാതി സെന്‍സസ് സംഘടിപ്പിക്കും, ഒരിക്കല്‍ നമ്മള്‍ ജാതികള്‍ കണക്കാക്കിയാല്‍, പിന്നീട് അതില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകില്ല', എന്നായിരുന്നു മോദിയുടെ മറുപടിയെന്നും രാജ്ഭര്‍ പറയുന്നു. സംസ്ഥാനത്തെ നാലായി വിഭജിക്കുമെന്നും പൂര്‍വ്വാഞ്ചൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടാല്‍ ആദ്യ മുഖ്യമന്ത്രി രാജ്ഭര്‍ സമുദായത്തില്‍ നിന്നായിരിക്കുമെന്നും ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു.
അവകാശവാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ മന്ത്രിയും നിഷാദ് പാര്‍ട്ടി അധ്യക്ഷനുമായ സഞ്ജയ് നിഷാദ് ഓം പ്രകാശ് രാജ്ഭറിനെ തള്ളി. ഉത്തര്‍പ്രദേശിനെ വിഭജിക്കണമെന്ന ആവശ്യം നേരത്തെയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് ഓരോ മേഖലയിലും സംസ്ഥാനം പുരോഗതി കൈവരിക്കുകയാണെന്നുമായിരുന്നു സഞ്ജയ് നിഷാദിന്റെ പ്രതികരണം. കൂടാതെ, പ്രത്യേക പരിഗണന ആവശ്യമായിരുന്ന ബുന്ദേല്‍ഖണ്ഡ്, പൂര്‍വാഞ്ചല്‍ തുടങ്ങിയ മേഖലകള്‍ക്കായി പ്രത്യേക വികസന ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഓം പ്രകാശ് രാജ്ഭറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഖിലേഷ് യാദവും രംഗത്തെത്തി. രാജ്യത്തെ വിഭജിക്കണമെന്ന് പറയുന്നവര്‍ തന്നെ സംസ്ഥാനത്തെയും വിഭജിക്കണമെന്ന് പറയുകയാണ്. രാജ്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. 2011ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മായാവതി ഉത്തര്‍പ്രദേശിനെ പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, അവധ് പ്രദേശ്, പശ്ചിം പ്രദേശ് എന്നിങ്ങനെ നാലായി വിഭജിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു.
Content Highlights: SBSP chief and minister Om Prakash Rajbhar said Uttar Pradesh would be divided into four parts after the caste census