മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയുമെറിഞ്ഞു; പഞ്ചാബില്‍ ബിജെപി നേതാവ് കസ്റ്റഡിയില്‍

കിസാന്‍ മേളയുടെ ഭാഗമായി മുഖ്യമന്ത്രി സര്‍വകലാശാലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയുമെറിഞ്ഞു; പഞ്ചാബില്‍ ബിജെപി നേതാവ് കസ്റ്റഡിയില്‍
dot image

ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന്റെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയുമെറിഞ്ഞ് പ്രതിഷേധിച്ച ബിജെപി നേതാവ് പൊലീസ് കസ്റ്റഡിയിൽ. മുന്‍ കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി കവാടത്തിന് മുന്നിലായിരുന്നു സംഭവം. കിസാന്‍ മേളയുടെ ഭാഗമായി മുഖ്യമന്ത്രി സര്‍വകലാശാലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധിക്കാനായി മുട്ടയും തക്കാളിയും ബിട്ടു കയ്യില്‍ കരുതിയിരുന്നു.

ബിജെപിയുടെ 'നഷാ മുക്ത് പഞ്ചാബ് യാത്ര'യുടെ ഭാഗമായി പത്താന്‍കോട്ടിലേക്ക് പോകുന്നതിനിടെ തന്റെ വാഹനവ്യൂഹത്തിനെതിരെ സമാനമായ ആക്രമണമുണ്ടായെന്നാണ് ബിട്ടുവിന്റെ ആരോപണം. ഇതിനെതിരെയാണ് ബിട്ടു പ്രതിഷേധിക്കാനെത്തിയത്. എഎപി പ്രവര്‍ത്തകരാണ് തന്റെ വാഹനത്തിന് നേരെ മുട്ടയും തക്കാളിയും എറിഞ്ഞതെന്നാണ് ബിട്ടു പറയുന്നു. ആ മുട്ടയും തക്കാളിയും തിരിച്ചുനല്‍കാനാണ് താന്‍ എത്തിയതെന്നും ബിട്ടു പറയുന്നുണ്ട്.

' ഇന്നലെ, മുട്ടയും തക്കാളിയും എന്റെ വാഹനവ്യൂഹത്തിന് നേരെ എറിഞ്ഞു. ഇന്ന് ഞാനത് തിരിച്ച് നല്‍കി. എഎപി പ്രവര്‍ത്തകര്‍ ബിജെപി നേതാക്കള്‍ക്കും റാലികള്‍ക്കും യാത്രകള്‍ക്കും എതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ചാല്‍, ബിജെപി പ്രവര്‍ത്തകരും അവരുടെ ജനാധിപത്യ അവകാശം ഉപയോഗിച്ച് പഞ്ചാബ് സര്‍ക്കാരിനും അതിന്റെ നേതാക്കള്‍ക്കും എതിരെ പ്രതിഷേധിക്കും. ഞങ്ങള്‍ നിശബ്ദരായിരിക്കില്ല'- ബിട്ടു പ്രതികരിച്ചു. ഇത് പഞ്ചാബ് സര്‍ക്കാരിന് വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും ബിജെപി പ്രവര്‍ത്തകര്‍ കഴിയുന്ന എല്ലാ ജനാധിപത്യ രീതിയിലും പ്രതിഷേധിക്കുകയും പഞ്ചാബിലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുമെന്ന് ബിട്ടു കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയും എറിയാന്‍ ശ്രമിച്ചതിനാണ് ബിട്ടുവിനെ കസ്റ്റഡിയിലെടുത്തതെന്ന് പഞ്ചാബ് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തനിക്കോ തനിക്ക് ഒപ്പുമുള്ളവര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും ഡിജിപിയുമായിരിക്കുമെന്നും ബിട്ടു പറഞ്ഞു.

Content Highlights: A BJP leader was taken into custody in Punjab after eggs and tomatoes were allegedly thrown at the Chief Minister’s convoy

dot image
To advertise here,contact us
dot image