പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി; പിടിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കി വിദ്യാർത്ഥി

ചോദ്യപ്പേപ്പര്‍ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിടയിലാണ് വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത്

പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി; പിടിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കി വിദ്യാർത്ഥി
dot image

മുംബൈ: പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണില്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരമെഴുതിയത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കി. 19 കാരന്‍ സഹിലാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. രണ്ടാം വര്‍ഷ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് സഹില്‍. ചോദ്യപ്പേപ്പര്‍ ചാറ്റ്ജിപിടിയില്‍ അപ്ലോഡ് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിടയിലാണ് വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത്.

സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് എതിരെ നടപടി എടുത്തിരുന്നില്ല എന്നാണ് ഐഐടിയുടെ വിശദീകരണം. വിഷയത്തില്‍ അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാര്‍ത്ഥിയുമായി സംസാരിക്കുകയും ഈ സംഭവം അദ്ദേഹത്തിന്റെ പഠനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ഇതിനെ തുടര്‍ന്ന് സെമസ്റ്റര്‍ പരീക്ഷ മാറ്റിവെച്ചു.

ഐഐടി പോവായി കാമ്പസില്‍ കഴിഞ്ഞ ആറു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. സംഭവത്തില്‍ 400 ഓളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ സത്യം അധികൃതര്‍ വെളിപ്പെടുത്തുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണി പ്പെടുത്തിയിരുന്നതായി സഹപാഠികള്‍ ആരോപിക്കുന്നു. സസ്പെന്‍ഷന്‍ ലഭിച്ചാല്‍ ഹോസ്റ്റല്‍ ഒഴിയേണ്ടി വരുമെന്നും എന്‍ജിനീയറിങ് കോഴ്സ് പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷത്തിന് പകരം അഞ്ചോ അതിലധികമോ വര്‍ഷങ്ങള്‍ എടുക്കുമെന്നുമുള്ള ഭയമാണ് വിദ്യാര്‍ത്ഥിയെ ഈ ഘട്ടത്തിലേക്ക് നയിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: An IIT Bombay second year student lost life after being found using a mobile phone with ChatGPT during an examination

dot image
To advertise here,contact us
dot image