

സന്ദർശകർക്ക് മികച്ച സേവനവും ഏകീകൃത അനുഭവവും ഉറപ്പാക്കുന്നതിനായി പുതിയ സന്ദർശക അനുഭവ മാർഗനിർദേശങ്ങൾ (Visitor Experience (VX) Guidelines) അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് (ഡിസിടി) പുറത്തിറക്കി. അബുദാബിയിലെ സന്ദർശക അനുഭവത്തിന്റെ 11 പ്രധാന മേഖലകളിലാണ് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, ഗതാഗത സൗകര്യങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി, ടൂർ ഗൈഡുമാർ, ടൂർ ഓപ്പറേറ്റർമാർ, സന്ദർശക വിവര കേന്ദ്രങ്ങൾ, ഇവന്റുകൾ, ക്രൂസ് ടെർമിനൽ, വിമാനത്താവളം, മാളുകൾ എന്നിങ്ങനെയുള്ള 11 മേഖലകളിലാണ് പുതിയ നിർദേശങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.
ഈ മേഖലകളിലെ സേവനദാതാക്കൾക്ക് വ്യക്തമായ നിലവാരവും മറ്റും നിർദേശിക്കുന്നതാണ് വിഎക്സ് മാർഗനിർദേശങ്ങൾ. ഇതിലൂടെ അബുദാബിയിലെ വിവിധ സന്ദർശക കേന്ദ്രങ്ങളിലും സേവനങ്ങളിലും ഒരേ നിലവാരത്തിലുള്ള ഗുണമേന്മയും സേവനവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
അബുദാബിയുടെ ടൂറിസം ബ്രാൻഡിന് ഏകീകൃത സ്വഭാവം നൽകുന്നതിനുള്ള പൊതുവായ മാനദണ്ഡമായും ഈ മാർഗനിർദേശങ്ങൾ പ്രവർത്തിക്കും. പ്രായോഗിക വ്യവസായ പരിചയം ഉൾപ്പെടുത്തി വിവിധ ആഭ്യന്തര, ബാഹ്യ പങ്കാളികളുമായി സഹകരിച്ചാണ് ഇവ തയ്യാറാക്കിയത്. അബുദാബി ക്വാളിറ്റി ആൻഡ് കോൺഫോർമിറ്റി കൗൺസിലിന്റെ സഹകരണത്തോടെ വിശദമായ പരിശോധനകൾക്കും അംഗീകാര നടപടികൾക്കും ശേഷമാണ് മാർഗനിർദേശങ്ങൾ അന്തിമമാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
യാത്ര ആസൂത്രണം ചെയ്യുന്നതു മുതൽ അബുദാബിയിൽ നിന്ന് മടങ്ങുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള സുഗമമായ സന്ദർശക അനുഭവം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അബുദാബിയിലെ വിവിധ സന്ദർശക അനുഭവങ്ങളിൽ സ്ഥിരതയും വ്യക്തതയും ഉറപ്പാക്കുന്നതിൽ വിഎക്സ് മാർഗനിർദേശങ്ങൾ നിർണായക ചുവടുവയ്പാണെന്ന് സാംസ്കാരിക ടൂറിസം വകുപ്പിലെ ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി പറഞ്ഞു. വൈവിധ്യമാർന്ന അനുഭവങ്ങളെ ഏകീകൃത നിലവാരത്തിൽ അവതരിപ്പിക്കാനും ടൂറിസം സ്ട്രാറ്റജി 2030 എന്ന ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശകരുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും ടൂറിസം സേവനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും മാർഗനിർദേശങ്ങൾ സഹായിക്കുമെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കോൺഫോർമിറ്റി കൗൺസിൽ ആക്ടിങ് സെക്രട്ടറി ജനറൽ എൻജിനീയർ ഫഹദ് ഗരീബ് അൽ ഷംസി പറഞ്ഞു. അബുദാബിയിലെ ടൂറിസം, സാംസ്കാരിക മേഖലകളിലെ പ്രധാന പങ്കാളികൾക്ക് മാർഗനിർദേശങ്ങൾ ഇതിനകം കൈമാറിയിട്ടുണ്ട്. ഇവ ഏകോപിതമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ സാംസ്കാരിക ടൂറിസം വകുപ്പ് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. മാർഗനിർദേശങ്ങളുടെ വ്യാപനം തുടരുന്നതിനനുസരിച്ച് പരിശോധനകളും പാലന പരിശോധനകളും നടത്തുമെന്നും അധികൃതർ അറിയിച്ചു.
Content Highlight: Abu Dhabi’s Department of Culture and Tourism has introduced new Visitor Experience Guidelines covering 11 key touchpoints to ensure consistent and high-quality services for visitors