മമത ബാനര്‍ജിക്ക് വീണ്ടും കനത്ത തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി പിന്മാറി

പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വേട്ടയാടുകയാണെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു

മമത ബാനര്‍ജിക്ക് വീണ്ടും കനത്ത തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി പിന്മാറി
dot image

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് വീണ്ടും കനത്ത തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും മമത പക്ഷ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്ന് പിന്മാറി. റബീഉല്‍ ആലം ചൗധരിയാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്. പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വേട്ടയാടുകയാണെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു.

അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നത്തില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താത്പര്യമില്ലാത്തതാണ് പിന്മാറ്റത്തിന് കാരണമെന്ന് റബീഉല്‍ ആലം ചൗധരി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയില്‍ സമ്മര്‍ദ്ദമുണ്ട്. നിരവധി പ്രവര്‍ത്തകരെ ഇതിനോടകം അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുക എന്നത് പ്രയാസകരമാണെന്നും റബീഉല്‍ ആലം ചൗധരി പറഞ്ഞു.

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ മമത പക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന സഞ്ജിത പ്രധാന്‍ ദേ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിലന്‍ പ്രധാന് മമത ബാനര്‍ജി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മിലന്‍ പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പഴയ കൊലപാതകക്കേസിലായിരുന്നു മിലന്റെ അറസ്റ്റ്. മിലന്‍ പ്രധാന്‍ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കൊന്നാലും മിലന്‍ പ്രധാന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കില്ല എന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി.

മിലന്‍ പ്രധാന്റെ അറസ്റ്റ് ബിജെപി പ്രേരിതമല്ലെന്ന് ചൂണ്ടിക്കാട്ടി വിമത തൃണമൂല്‍ പക്ഷം അധ്യക്ഷന്‍ ഋതബ്രത ബാനര്‍ജി രംഗത്തെത്തി. തങ്ങളുടെ പരാതിയിലാണ് മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്തത്. മൂന്ന് കൊലപാതക കേസുകളില്‍ മിലന്‍ പ്രധാന്‍ പ്രതിയാണ്. രാഹുല്‍ ഗാന്ധിയെ ഇക്കാര്യം സംസ്ഥാന കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ടാകില്ലെന്നും ഋതബ്രത വ്യക്തമാക്കി. ഒക്ടോബര്‍ ആറിനാണ് നന്ദിഗ്രാമിലും റെജിനഗറിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Content Highlights- Mamata Banerjee's faction faced candidate withdrawal developments ahead of the October 6 West Bengal bypolls. 

dot image
To advertise here,contact us
dot image