

തൃശൂര്‍: കേരള കോണ്‍ഗ്രസ് വിടില്ലെന്ന വെളിപ്പെടുത്തലുമായി തോമസ് ഉണ്ണിയാടന്‍. സ്ഥാനങ്ങള്‍ കിട്ടാത്തതല്ല പ്രശ്‌നമെന്നും അവഗണനയില്‍ വിഷമമുണ്ടെന്നും തോമസ് ഉണ്ണിയാടന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്തുകൊണ്ട് അവഗണിച്ചു എന്നതില്‍ പാര്‍ട്ടി മറുപടി പറയണമെന്നും കഠിനാധ്വാനം ചെയ്തു മുന്നോട്ടു പോകുമ്പോള്‍ വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.
'അയോഗ്യതയ്ക്ക് കാരണം എന്തെന്ന് അറിയില്ല. തന്നെ അനുകൂലിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത സുഹൃത്തുക്കളാണ്. അവര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്' ഉണ്ണിയാടന്‍ പ്രതികരിച്ചു. ഇരിങ്ങാലക്കുടയില്‍ നടന്ന യോഗം മണ്ഡലം നേതാക്കള്‍ അറിയാതെയാണെന്നും തന്റെ പേരില്‍ സംഘര്‍ഷം ഉണ്ടായത് അന്വേഷിക്കുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തന്നെ പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് താമസ് ഉണ്ണിയാടന്‍. തെരഞ്ഞെടുപ്പിന് മുമ്പ് വരെ ഇരിഞ്ഞാലക്കുടയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പ് ഇല്ലാതാക്കാനായതും തോമസ് ഉണ്ണിയാടന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇന്നലെ തൃശ്ശൂരില്‍ നടന്ന സ്വീകരണ പരിപാടിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുകയും പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഉണ്ണിയാടനെ അവഗണിച്ച കേരള കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്.
കുറച്ചു കാലമായി പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയാണ് ഉണ്ണിയാടന്‍. ഉണ്ണിയാടന്‍ പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട് നില്‍ക്കുന്നില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പരാതി. ഓഗസ്റ്റ് 30ന് തൃശൂരില്‍ നടന്ന പാര്‍ട്ടി ജില്ലാക്കമ്മിറ്റിയോഗത്തില്‍ മുഖ്യപ്രഭാഷകനായി പേര് വെച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസുമായും ഉണ്ണിയാടന്‍ നല്ല ബന്ധത്തിലല്ല. തൃശൂരില്‍നിന്നുള്ള സംസ്ഥാന വൈസ്‌ചെയര്‍മാന്‍ എം പി പോളി, ഉന്നതാധികാരസമിതിയംഗം ജോസ് തുടങ്ങിയവരും അദ്ദേഹത്തിന്റെ പക്ഷത്തല്ല. കേരള കോണ്‍ഗ്രസിന് ഉണ്ണിയാടന്‍ അടക്കം ഏഴ് എംഎല്‍എമാരാണുള്ളത്. മന്ത്രി മോന്‍സ് ജോസഫാണ് നിയമസഭാ കക്ഷി നേതാവ്.
Content Highlights: Thomas Unniyadan said he would remain with the Kerala Congress while expressing displeasure over being ignored and seeking an explanation from the party leadership