

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ അറസ്റ്റിലായ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ മൂന്ന് വരെ 14 ദിവസത്തേക്കാണ് കസ്റ്റഡി. 2007ലെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് നടപടി.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ മമത പക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന സഞ്ജിത പ്രധാന്‍ ദേ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിലന്‍ പ്രധാന് മമത ബാനര്‍ജി പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് പഴയ കൊലപാതകക്കേസില്‍ മിലന്‍ പ്രധാന്‍ അറസ്റ്റിലാകുന്നത്. മിലന്‍ പ്രധാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. കൊന്നാലും മിലന്‍ പ്രധാന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്ന് വ്യക്തമാക്കിയത്.
അതേസമയം, മിലന്‍ പ്രധാന്റെ അറസ്റ്റ് ബിജെപി പ്രേരിതമല്ലെന്ന് ചൂണ്ടിക്കാട്ടി വിമത തൃണമൂല്‍ പക്ഷം അധ്യക്ഷന്‍ ഋതബ്രത ബാനര്‍ജി രംഗത്തെത്തിയിരുന്നു.തങ്ങളുടെ പരാതിയിലാണ് മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്തതെന്നും മൂന്ന് കൊലപാതക കേസുകളില്‍ മിലന്‍ പ്രധാന്‍ പ്രതിയാണെന്നും വിമത തൃണമൂല്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ ഇക്കാര്യം സംസ്ഥാന കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ടാകില്ലെന്നും ഋതബ്രത വ്യക്തമാക്കിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളില്‍ അരങ്ങേറുന്നത്. ഒക്ടോബര്‍ ആറിനാണ് നന്ദിഗ്രാമിലും റെജിനഗറിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ഒന്‍പതിന് വോട്ടെണ്ണലും നടക്കും.
Content Highlights:Congress candidate Milan Pradhan in the Nandigram bypoll has been sent to judicial custody by a court.