

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. റെജിനഗറില്‍ നിന്ന് പിന്മാറിയ മമത പക്ഷ സ്ഥാനാര്‍ത്ഥി വീണ്ടും മത്സര രംഗത്തേയ്ക്ക്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റബീഉല്‍ ആലം ചൗധരിയാണ് ഉപതെരഞ്ഞെടുപ്പില്‍ റെജിനഗറില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. മമത ബാനര്‍ജിയുമായി സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. മത്സരത്തില്‍ നിന്ന് തന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം തീരുമാനം മാറ്റിയത്.
'മമത ബാനര്‍ജിയുമായി സംസാരിച്ചതിന് ശേഷം ഞാന്‍ എന്റെ മുന്‍ തീരുമാനം മാറ്റി. പുതിയ ചിഹ്നവുമായി റെജിനഗറില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഇന്ന് തന്നെ പ്രചാരണം ആരംഭിക്കുകയും ചെയ്യും'എന്നാണ് സ്ഥാനാര്‍ത്ഥി പറഞ്ഞത്.
നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും മമത പക്ഷ സ്ഥാനാര്‍ത്ഥി റബീഉല്‍ ആലം ചൗധരി മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നത്തില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താത്പര്യമില്ലാത്തതാണ് പിന്മാറ്റത്തിന് കാരണമെന്ന് റബീഉല്‍ ആലം ചൗധരി പറഞ്ഞത്. പ്രവര്‍ത്തകര്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയില്‍ സമ്മര്‍ദ്ദമുണ്ട്. നിരവധി പ്രവര്‍ത്തകരെ ഇതിനോടകം അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുക എന്നത് പ്രയാസകരമാണെന്നും റബീഉല്‍ ആലം ചൗധരി വിശദീകരിച്ചിരുന്നു.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ മമത പക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന സഞ്ജിത പ്രധാന്‍ ദേ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിലന്‍ പ്രധാന് മമത ബാനര്‍ജി പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മിലന്‍ പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പഴയ കൊലപാതകക്കേസിലായിരുന്നു മിലന്റെ അറസ്റ്റ്. മിലന്‍ പ്രധാന്‍ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കൊന്നാലും മിലന്‍ പ്രധാന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കില്ല എന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, മിലന്‍ പ്രധാന്റെ അറസ്റ്റ് ബിജെപി പ്രേരിതമല്ലെന്ന് ചൂണ്ടിക്കാട്ടി വിമത തൃണമൂല്‍ പക്ഷം അധ്യക്ഷന്‍ ഋതബ്രത ബാനര്‍ജി രംഗത്തെത്തിയിരുന്നു. തങ്ങളുടെ പരാതിയിലാണ് മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്തതെന്നും മൂന്ന് കൊലപാതക കേസുകളില്‍ മിലന്‍ പ്രധാന്‍ പ്രതിയാണെന്നും വിമത തൃണമൂൽ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ ഇക്കാര്യം സംസ്ഥാന കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ടാകില്ലെന്നും ഋതബ്രത വ്യക്തമാക്കിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളിൽ അരങ്ങേറുന്നത്. ഒക്ടോബര്‍ ആറിനാണ് നന്ദിഗ്രാമിലും റെജിനഗറിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ഒന്‍പതിന് വോട്ടെണ്ണലും നടക്കും.
Content Highlights:Mamata faction candidate Rabiul Alam Chowdhury has reversed his withdrawal decision and returned to the Rejinagar bypoll contest