

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അത്യാധുനിക സാങ്കേതികവിദ്യ മാതൃകാപരമായി നടപ്പിലാക്കി അബുദാബി. ചികിത്സയ്ക്കിടെയുണ്ടാകുന്ന അപകടസാധ്യതകളും അപായ സൂചനകളും സംഭവിക്കുന്നതിന് മുമ്പ് തന്നെ കണ്ടുപിടിച്ച് പ്രതിരോധിക്കുന്നതിനായി 'പേഷ്യന്റ് സേഫ്റ്റി സിസ്റ്റം' ആണ് അബുദാബി നടപ്പിലാക്കിയത്.
സംവിധാനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ, അബുദാബിയിലെ 100 ശതമാനം ആശുപത്രികളെയും ഈ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ആശുപത്രികൾക്ക് പുറമെ ദീർഘകാല പരിചരണ കേന്ദ്രങ്ങൾ, ഡയാലിസിസ് സെന്ററുകൾ, ഫെർട്ടിലിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമാണ്. നിലവിൽ 60,000-ത്തിലധികം ആരോഗ്യപ്രവർത്തകർ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ മാത്രം പ്രതികരിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ആരോഗ്യ മേഖലയിലെ വിവരങ്ങൾ വിശകലനം ചെയ്യുകയും അപകടസാധ്യതകൾ മുൻകൂട്ടി പ്രവചിക്കുകയുമാണ് ഈ ഡിജിറ്റൽ സംവിധാനം ചെയ്യുന്നത്.
"ജീവിതശൈലി രോഗങ്ങൾക്ക് സുരക്ഷിതമായ ചികിത്സാ പരിചരണം" എന്ന പ്രമേയത്തിൽ ആചരിക്കുന്ന ലോക രോഗീ സുരക്ഷാ ദിനത്തോടനുബന്ധിച്ചാണ് അബുദാബി തങ്ങളുടെ ആദ്യവർഷത്തെ നിർണായക പുരോഗതി വെളിപ്പെടുത്തിയത്. വേറിട്ടുനിൽക്കുന്ന ഒരു സ്ഥാപനത്തിന്റെ മാത്രം വിവരങ്ങൾ നോക്കുന്നതിന് പകരം, അബുദാബിയിലുടനീളമുള്ള മുഴുവൻ ആരോഗ്യ മേഖലയുടെയും ഡാറ്റ സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇത് അപകടസാധ്യതകളെയും ട്രെൻഡുകളെയും കുറിച്ച് സമഗ്രമായ ധാരണ നൽകാനും പ്രതിരോധ നടപടികൾ വേഗത്തിലാക്കാനും സഹായിക്കുന്നു.
ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ തീരുമാനങ്ങളെടുക്കാൻ ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാകുന്നതിനൊപ്പം റിപ്പോർട്ടിംഗ് സമയം വലിയ തോതിൽ കുറയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിച്ചു. ഇതിലൂടെ പ്രതിവർഷം 2,000 മണിക്കൂറിലധികം ജീവനക്കാരുടെ സമയം ലാഭിക്കാൻ കഴിഞ്ഞു. ഈ സമയം രോഗികളുടെ നേരിട്ടുള്ള പരിചരണത്തിനായി കൂടുതൽ വിനിയോഗിക്കാൻ സാധിക്കുന്നു എന്നതും വലിയ നേട്ടമാണ്.
പ്രവർത്തനത്തിന്റെ ആദ്യവർഷത്തിൽ രോഗീ സുരക്ഷയുമായി ബന്ധപ്പെട്ട 70,000-ത്തിലധികം കേസുകളാണ് സിസ്റ്റം ശേഖരിച്ചത്. ഇതിൽ 70 ശതമാനവും അപകട സാധ്യതകൾ മുൻകൂട്ടിയറിഞ്ഞ് പ്രതിരോധിക്കാനും പഠനവിധേയമാക്കാനും സഹായിച്ചവയാണ്. ഇതോടൊപ്പം ആരോഗ്യപ്രവർത്തകർക്കിടയിലെ സുരക്ഷാ സംസ്കാരം അളന്നപ്പോൾ രാജ്യാന്തര ശരാശരിയായ ഏജൻസി ഫോർ ഹെൽത്ത്‌കെയർ റിസർച്ച് ആൻഡ് ക്വാളിറ്റി ബെഞ്ച്മാർക്കിനേക്കാൾ 21 ശതമാനം ഉയർന്ന് 73 ശതമാനത്തിലെത്തിക്കാൻ അബുദാബിക്ക് സാധിച്ചു.
2024-ൽ ഏകീകൃത ഡാറ്റ മാനദണ്ഡങ്ങൾ രൂപീകരിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടർന്ന് 2025-ൽ ഡാറ്റാ പരിശോധനയും പെർഫോമൻസ് ഡാഷ്‌ബോർഡുകളും പൂർണ്ണമായും സജ്ജമാക്കി. വരും ഘട്ടങ്ങളിൽ അബുദാബിയിലെ കൂടുതൽ ആരോഗ്യ സ്ഥാപനങ്ങളെ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
Content Highlights: Abu Dhabi’s healthcare sector is advancing its use of artificial intelligence, with authorities reporting measurable impact from AI-enabled infrastructure, integrated data and early intervention initiatives.