

കായംകുളം: കെഎസ്‌യു - എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് കുടപിടിക്കുന്നതും എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നതും മന്ത്രി എം ലിജുവിന്റെ പിന്തുണയോടെയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചിട്ടും എസ്എഫ്ഐയ്ക്ക് എതിരായി മൃഗീയമായ വേട്ടയാണ് കേരളത്തിലും പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നടക്കുന്നതെന്നും ശിവപ്രസാദ് ആരോപിച്ചു.
എംഎസ്എം കോളേജിലെ സാധാരണക്കാരനായ വിദ്യാര്‍ത്ഥി, ബികോം പഠനം പൂര്‍ത്തിയാക്കി പി ടി സാറായി സ്വകാര്യ സ്‌കൂളില്‍ താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ പിജിക്ക് പ്രവേശിച്ചു. സ്വകാര്യ സ്‌കൂളില്‍ താത്കാലികമായി ജോലി ചെയ്യുന്നതിന് കോളേജില്‍ നിന്നും പുറത്താക്കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ശിവപ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ട് കളിക്കരുത്. രാഷ്ട്രീയ വൈരാഗ്യം നേതൃത്വത്തിനോട് തീര്‍ക്കുന്നതാകും നല്ലത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനം അധികാരത്തിലിരിക്കുന്നവരുടെ സ്വാധീനത്തില്‍ ഇല്ലാതാക്കുകയും വ്യാജപ്രചരണം നടത്തിയിട്ടും എംഎസ്എമ്മിൽ എസ്എഫ്ഐ മികച്ച വിജയം നേടിയെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കണമെന്ന രാഷ്ട്രീയ കള്ളനാണയത്തിന് എംഎസ്എമ്മിലെ വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കിയത്. മന്ത്രിയുടെ ഓഫീസിലാണ് ഗൂഢാലോചന. ഒരു സാധാരണ വിദ്യാര്‍ത്ഥിയുടെ പഠിപ്പ് മുടക്കുന്നതിനുള്ള ഗവേഷണം യൂത്ത് കോണ്‍ഗ്രസുകാരും കെഎസ്‌യുക്കാരും എംഎസ്എഫ്കാരും നടത്തുന്നത് മന്ത്രിയുടെ ഓഫീസിലാണെന്നും ശിവപ്രസാദ് ആരോപിച്ചു.
അതേസമയം കായംകുളം സംഘര്‍ഷത്തില്‍ പൊലീസിന് ഏകപക്ഷീയ നിലപാടാണെന്നും എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐയ്ക്ക് എതിരെ നാല് എഫ്ഐആര്‍ ഇട്ടെന്നും കെഎസ് യു പ്രവര്‍ത്തകരുടെ കല്ലേറിലാണ് പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നതെന്നും എം ശിവപ്രസാദ് പറഞ്ഞു. കല്ലേറ് കൊണ്ട എസ്എഫ്ഐ പ്രവര്‍ത്തകരെ പോലും പ്രതികളാക്കിയെന്നും ഭരണം മാറിയാലും നിയമം മാറില്ലെന്ന് ഓര്‍ക്കണമെന്നും ശിവപ്രസാദ് പ്രതികരിച്ചു.
ബോധപൂര്‍വം ആഹ്ളാദ പ്രകടനം അലങ്കോലപ്പെടുത്തുകയാണ് ഉണ്ടായതെന്ന് ശിവപ്രസാദ് ആരോപിച്ചു. ഭരണകൂടത്തിന്റെ സ്വാധീനത്തെ അതിജീവിച്ച് എസ്എഫ്ഐ വിജയം നേടിയ സാഹചര്യത്തില്‍, കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ തമ്പടിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പൊലീസിന്റെ പിന്തുണയോടെ ഗുണ്ടായിസം നടപ്പിലാക്കുമെന്ന നിലയിലാണ് കെഎസ്‌യു എന്നും ശിവപ്രസാദ് ആരോപിച്ചു.
Content Highlights: SFI state president M Shivaprasad alleged political interference and police bias in the Kayamkulam campus election dispute, while accusing Minister M Liju’s office of involvement in the controversy