മെസ്സി ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം -സാവി

പാരിസ് സെന്റ് ജെര്‍മയിനില്‍ നിന്നുള്ള കരാര്‍ അവസാനിച്ച വേളയില്‍ മെസ്സിയെ ബാഴ്‌സലോണയിലേക്ക് തിരികെ എത്തിക്കാന്‍ ക്ലബ്ബ് ഭരണസമിതിയും താനും ആഗ്രഹിച്ചിരുന്നുവെന്ന് സാവി വെളിപ്പെടുത്തി

മെസ്സി ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം -സാവി
dot image

ലയണല്‍ മെസ്സിയുടെ ഫുട്‌ബോള്‍ പാരമ്പര്യത്തെക്കുറിച്ചും, വിരമിക്കലിനെക്കുറിച്ചും, ബാഴ്‌സലോണയിലേക്ക് തിരികെ വരുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളെക്കുറിച്ചും മനസ്സുതുറന്ന് മുന്‍ ബാഴ്‌സലോണ പരിശീലകനും ഇതിഹാസ താരവുമായ സാവി ഹെര്‍ണാണ്ടസ്. തന്റെ പതിനാറാം വയസ്സില്‍ ആദ്യമായി ബാഴ്‌സലോണയുടെ സീനിയര്‍ ടീമിനൊപ്പം പരിശീലനത്തിന് എത്തിയ വേളയിലാണ് മെസ്സിയെ ആദ്യമായി കാണുന്നതെന്ന് സാവി ഓര്‍ത്തെടുത്തു. അന്നേ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തമായ അസാധാരണമായ കഴിവും കളിയോടുള്ള അഭിനിവേശവും മെസ്സിയില്‍ പ്രകടമായിരുന്നുവെന്ന് സാവി പറഞ്ഞു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണല്‍ മെസ്സി തന്നെയാണെന്ന് സാവി പറഞ്ഞു. രണ്ടു പതിറ്റാണ്ടോളം ഒരേ മിടുക്കോടെയും സ്ഥിരതയോടെയും കളി തുടരാന്‍ മെസ്സിക്ക് കഴിഞ്ഞുവെന്നത് മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരിസ് സെന്റ് ജെര്‍മയിനില്‍ നിന്നുള്ള കരാര്‍ അവസാനിച്ച വേളയില്‍ മെസ്സിയെ ബാഴ്‌സലോണയിലേക്ക് തിരികെ എത്തിക്കാന്‍ ക്ലബ്ബ് ഭരണസമിതിയും താനും ആഗ്രഹിച്ചിരുന്നുവെന്ന് സാവി വെളിപ്പെടുത്തി. മെസ്സിയുമായി ഇതുസംബന്ധിച്ച് സംസാരിച്ചിരുന്നുവെങ്കിലും, ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധികളും ലാ ലിഗയിലെ രജിസ്‌ട്രേഷന്‍ നിയന്ത്രണങ്ങളുമാണ് ആ തിരിച്ചുവരവിന് തടസ്സമായത്. തുടര്‍ന്നാണ് മെസ്സി ഇന്റര്‍ മയാമിയിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നും സാവി വ്യക്തമാക്കി. മെസ്സി ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്ന കാലഘട്ടത്തെക്കുറിച്ചും സാവി സംസാരിച്ചു.

മെസ്സി ബൂട്ടഴിക്കുന്നതോടെ ഫുട്‌ബോള്‍ ലോകത്തും പ്രത്യേകിച്ച് ബാഴ്‌സലോണയിലും നികത്താനാവാത്ത വലിയൊരു ശൂന്യതയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മെസ്സി ബാക്കിവെക്കുന്ന പാരമ്പര്യവും നേട്ടങ്ങളും വരും തലമുറകള്‍ക്ക് എപ്പോഴും ആവേശം പകരുന്ന ഒന്നായിരിക്കുമെന്നും സാവി അഭിപ്രായപ്പെട്ടു.

content highlights: Lionel Messi is the Greatest Player in Football History: Xavi

dot image
To advertise here,contact us
dot image