ബംഗാള്‍ എസ്‌ഐആര്‍; 37 ലക്ഷം അപ്പീലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

എസ്‌ഐആര്‍ നടപടികള്‍ക്കിടെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതിനിനതിരെ വോട്ടര്‍മാര്‍ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിച്ചിരുന്നു

ബംഗാള്‍ എസ്‌ഐആര്‍; 37 ലക്ഷം അപ്പീലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍
dot image

കൊല്‍ക്കത്ത: എസ്‌ഐആറിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഒഴിവാക്കുന്നതിനോ ഉള്‍പ്പെടുത്തുന്നതിനോ എതിരായ 37 ലക്ഷത്തിലധികം അപ്പീലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ. സുപ്രീം കോടതി നിയോഗിച്ച ട്രൈബ്യൂണലുകള്‍ ഇതുവരെ ഫയല്‍ ചെയ്യപ്പെട്ട 38.20 ലക്ഷം അപ്പീലുകളില്‍ 1.02 ലക്ഷം മാത്രമാണ് തീര്‍പ്പാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ എസ്‌ഐആര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രസന്‍ജിത് ബോസ് സമര്‍പ്പിച്ച ഹര്‍ജി ജൂലൈ 17-ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചിരുന്നു. എസ്‌ഐആര്‍ നടപടികള്‍ക്കിടെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതിനെതിരെ വോട്ടര്‍മാര്‍ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടിയത്.

വോട്ടര്‍പട്ടികയുടെ എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ക്കെതിരെ 38,20,683 അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇതില്‍ 1,02,231 അപ്പീലുകള്‍ തീര്‍പ്പാക്കിയെന്നും, 37,18,452 എണ്ണം തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ പേരുകള്‍ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാര്‍ സമര്‍പ്പിച്ച അപ്പീലുകളും വോട്ടര്‍പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകളും സംബന്ധിച്ച വിശദമായ കണക്കുകള്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നില്ല.

പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ വിവരശേഖരണ ഘട്ടത്തില്‍ 58 ലക്ഷത്തിലധികം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രസന്‍ജിത് ബോസ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള 9.64 ലക്ഷം അപേക്ഷകളും (ഫോം 6, 6എ) ഒഴിവാക്കുന്നതിനായുള്ള 99,000-ത്തിലധികം അപേക്ഷകളും (ഫോം 7) ലഭിച്ചിരുന്നെങ്കിലും, ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 1.82 ലക്ഷത്തോളം പേരെ മാത്രമേ പുതുതായി ഉള്‍പ്പെടുത്തിയിരുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെയോ ഉള്‍പ്പെടുത്തിയതിനെയോ ചോദ്യം ചെയ്തുകൊണ്ട് ട്രൈബ്യൂണലുകളില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലുകളുടെ നിലവിലെ അവസ്ഥയും അവ തീര്‍പ്പാക്കിയ വിവരങ്ങളും സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 25-ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ അപ്പീലുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, തീര്‍പ്പാകാത്ത അപ്പീലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും, ഇതിനായി എത്ര അധിക ട്രൈബ്യൂണലുകള്‍ ആവശ്യമാണെന്നും വിശദീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2025 ഡിസംബര്‍ 17-നും 2026 ഓഗസ്റ്റ് 7-നും ഇടയില്‍ 34.13 ലക്ഷം 'ഫോം 6' അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള ഔദ്യോഗിക അപേക്ഷാ ഫോമാണ് 'ഫോം 6'. ആദ്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നുള്ള അപേക്ഷകളും, കരട് പട്ടിക പുതുക്കുന്ന ഘട്ടത്തില്‍ പേരുകള്‍ ഒഴിവാക്കപ്പെട്ട വോട്ടര്‍മാരില്‍ നിന്നുള്ള അപേക്ഷകളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.

എസ്‌ഐആര്‍ നടപടികള്‍ക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ഹര്‍ജികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഏപ്രില്‍ 24-ന് സുപ്രീം കോടതി അപ്പീല്‍ ട്രൈബ്യൂണലുകളോട് നിര്‍ദ്ദേശിച്ചു. ഏകദേശം 60 ലക്ഷത്തോളം വരുന്ന അവകാശവാദങ്ങളും ആക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നതിനായി പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 700-ഓളം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. തുടര്‍ന്ന്, സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം, അപ്പീലുകളില്‍ തീരുമാനമെടുക്കുന്നതിനായി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും നേതൃത്വത്തില്‍ 19 ട്രൈബ്യൂണലുകള്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് രൂപീകരിച്ചു.

Content Highlights: The Election Commission has told the Supreme Court that more than 37 lakh appeals against the deletion or inclusion of names in West Bengal's voter list under the SIR process remain pending. According to the affidavit, 38.20 lakh appeals have been filed before the tribunals constituted by the Supreme Court, of which only 1.02 lakh have been disposed of so far.

dot image
To advertise here,contact us
dot image