

കൊച്ചി: റദ്ദായ മെസ്സി സന്ദര്‍ശന പരിപാടിയുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മീഡിയ ഡെസ്‌കില്‍ കടന്നുകയറി തോന്ന്യാസം കാണിക്കാനുള്ള ലൈസന്‍സ് പൊലീസിനില്ലെന്ന് മുന്‍ ധനമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്. കേരളത്തില്‍ തന്നെ പാരമ്പര്യമുള്ളതും ഇല്ലാത്തതുമായ മറ്റ് മീഡിയ സ്ഥാപനങ്ങളില്‍ പലതിന്റെയും ഉടമകളുടെ പേരില്‍ പലതരം കേസുകളുണ്ട്. ആ മാധ്യമങ്ങളുടെയൊക്കെ ഡസ്‌കുകളില്‍ പൊലീസ് കടന്നുചെല്ലുമോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. അവിടെയൊക്കെ എന്തുകൊണ്ട് ചെല്ലുന്നില്ല എന്നതും റിപ്പോര്‍ട്ടറില്‍ എന്തുകൊണ്ട് ചെല്ലുന്നു എന്നതും രാഷ്ട്രീയമാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.
ജിഎസ്ടി അടച്ചില്ല എന്നതാണ് മറ്റൊരു വാദം. അത് അടച്ചാലോ അല്ലെങ്കില്‍ പിഴയടക്കം അടച്ചാലോ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ? ഇത്ര വലിയ കോളിളക്കം സൃഷ്ടിക്കേണ്ട കാര്യമുണ്ടോ? ഇനി ഏതായാലും ഇതുസംബന്ധിച്ച വിവാദത്തിന് അര്‍ത്ഥമില്ല. കാരണം, മെസ്സി വരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സേവനം ആര്‍ബിസി വാങ്ങുന്നുമില്ല. വാങ്ങാത്ത സേവനത്തിനുമേല്‍ നികുതി അടയ്‌ക്കേണ്ട പ്രശ്‌നവുമില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്കെതിരെ ഒരു വാക്കെങ്കിലും പറഞ്ഞവരെ വെറുതെവിടില്ലെന്ന അധികാര ഹുങ്കാണ് കേരള സര്‍ക്കാര്‍ കാണിക്കുന്നത്. ഇതുതന്നെയാണ് മോദിയും ചെയ്യുന്നതെന്നും തോമസ് ഐസക്ക് ആഞ്ഞടിച്ചു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
സത്യത്തില്‍ എന്താണ് മെസ്സി സന്ദര്‍ശനവുമായി ബന്ധപ്പെട്ട കേസ് എന്ന് എനിക്ക് മനസിലായിട്ടില്ല. ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരാന്‍ ഒരു ടെലിവിഷന്‍ ചാനല്‍ കമ്പനി ശ്രമം നടത്തുന്നു. അതിന് പ്രചാരണം കൊടുക്കുന്നു. സര്‍ക്കാരിനോട് സഹകരണം ചോദിക്കുന്നു. മെസ്സി കേരളത്തില്‍ വരുന്നത് സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് ഉണര്‍വ്വേകുമെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍ സഹകരിക്കാന്‍ തയ്യാറാകുന്നു. സര്‍ക്കാര്‍ പണം ഒന്നും മുടക്കുന്നില്ല, എഗ്രിമെന്റ് ഒന്നും ഒപ്പുവയ്ക്കുന്നില്ല. സ്വന്തം കയ്യിലെ പണമെടുത്താണ് കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൃത്യം എത്ര ചിലവായി എന്ന് എനിക്കറിയില്ല. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ജിസിഡിഎ സ്റ്റേഡിയം നവീകരണം കമ്പനി അവരുടെ പണം ചിലവാക്കി നടത്തുന്നു.
ശ്രമം വിജയിച്ചില്ല, മെസ്സി വന്നില്ല, കമ്പനിക്ക് പണം നഷ്ടം വന്നു എന്ന് അവര്‍ പറയുന്നു. ഒരു പക്ഷേ, ജിസിഡിഎ സ്റ്റേഡിയത്തിന്റെ നവീകരണം പറഞ്ഞതുപോലെ പൂര്‍ണ്ണമായി നടന്നുകാണില്ല. പക്ഷേ, നടന്നിടത്തോളം സര്‍ക്കാരിന് ലാഭമാണ്. എന്തിന് ഒരു ടെലിവിഷന്‍ ചാനല്‍ 126 കോടി രൂപ മെസ്സിയെ കൊണ്ടുവരാന്‍ ചിലവഴിക്കണം? അതിന്റെ റവന്യു മോഡല്‍ എനിക്ക് അറിയില്ല. അവര്‍ അതില്‍ നിന്നും വരുമാനം കണ്ടുകാണും. ഇന്ന് നമ്മുടെ നാട്ടില്‍ മാധ്യമ പ്രചാരണത്തിനായി എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. മനോരമയ്ക്ക് ഹോര്‍ത്തൂസ്, മാതൃഭൂമിക്ക് ക, ദേശാഭിമാനിക്ക് അക്ഷരമുറ്റം എന്നിവയുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഇതിനൊക്കെ അപ്പുറമുള്ള മറ്റൊരു വമ്പന്‍ പരിപാടി അവതരിപ്പിക്കുന്നു:
മെസ്സിയേയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനേയും കേരളത്തില്‍ കൊണ്ടുവരാന്‍ പരിപാടിയിടുന്നു. സര്‍ക്കാരില്‍ നിന്നോ നാട്ടില്‍ നിന്നോ പിരിക്കുന്നില്ല. അവരുടെ പണം. അത് വിജയിച്ചില്ല. ഇതില്‍ എന്താണ് തട്ടിപ്പ്? ഇതില്‍ എന്താണ് കേസ്? ഇതില്‍ എന്താണ് സര്‍ക്കാരിന്റെ വീഴ്ച്ച?
ഒന്നുമില്ല എന്നാണ് ഉത്തരം.
ജിഎസ്ടി അടച്ചില്ല എന്നതാണ് മറ്റൊരു വാദം. അത് അടച്ചാലോ അല്ലെങ്കില്‍ പിഴയടക്കം അടച്ചാലോ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ? ഇത്രവലിയ കോളിളക്കം സൃഷ്ടിക്കേണ്ട കാര്യമുണ്ടോ? ഇനി ഏതായാലും ഇതുസംബന്ധിച്ച വിവാദത്തിന് അര്‍ത്ഥമില്ല. കാരണം, മെസ്സി വരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സേവനം ആര്‍സിബി വാങ്ങുന്നുമില്ല. വാങ്ങാത്ത സേവനത്തിനുമേല്‍ നികുതി അടയ്‌ക്കേണ്ട പ്രശ്‌നവുമില്ല. ഇതു സംബന്ധിച്ച് പ്രത്യേകം എഴുതാം.
ഇനി മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് നിയമപരമായ നടപടി എടുത്തോളൂ. എന്നാല്‍ റദ്ദായ മെസ്സി സന്ദര്‍ശന പരിപാടിയുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മീഡിയ ഡെസ്‌കില്‍ കടന്നുകയറി തോന്യവാസം കാണിക്കാനുള്ള ലൈസന്‍സ് പോലീസിന് ഇല്ല. കേരളത്തില്‍ തന്നെ പാരമ്പര്യമുള്ളതും ഇല്ലാത്തതുമായ മറ്റു മീഡിയ സ്ഥാപനങ്ങള്‍ ഉണ്ടല്ലോ, അതില്‍ പലതിന്റെയും ഉടമകളുടെ പേരില്‍ പലതരം കേസുകളും ഉണ്ടല്ലോ? ആ മാധ്യമങ്ങളുടെയൊക്കെ ഡസ്‌കുകളില്‍ പോലീസ് കടന്നുചെല്ലുമോ? അവിടെയൊക്കെ എന്തുകൊണ്ട് ചെല്ലുന്നില്ല എന്നതും റിപ്പോര്‍ട്ടറില്‍ എന്തുകൊണ്ട് ചെല്ലുന്നു എന്നതും രാഷ്ട്രീയമാണ്.
മറ്റു ചാനലുകള്‍ ഇക്കാര്യത്തിലെടുക്കുന്ന നിലപാട് സത്യത്തില്‍ കൗതുകകരമാണ്. അടിസ്ഥാനപരമായി തങ്ങളും നടത്തുന്നത് ഒരു വാര്‍ത്താ ചാനല്‍ ആണ് എന്നതൊക്കെ മറന്ന് കഴുത്തറുപ്പന്‍ ബിസിനസുകാരുടെ കുടിപ്പകയുടെ മാതൃകയാണ് സ്വീകരിക്കുന്നത്. ഇത് ഭാവിയില്‍ അവര്‍ക്കുതന്നെ പാരയാകുമെന്ന് ഉറപ്പാണ്.
തങ്ങള്‍ക്കെതിരെ ഒരു വാക്കെങ്കിലും പറഞ്ഞവരെ വെറുതെവിടില്ലെന്ന അധികാര ഹുങ്കാണ് കേരള സര്‍ക്കാര്‍ കാണിക്കുന്നത്. ഇതുതന്നെയാണ് മോദിയും ചെയ്യുന്നത്.
Content Highlights: Police Have No Right to Enter Reporter TV Media Desk Over Cancelled Messi Event Says Thomas Isaac