'സാമ്പത്തിക നികുതി തട്ടിപ്പെന്ന വാദം നിലനിൽക്കില്ല'; RBCക്കെതിരായ ആരോപണത്തിൽ പ്രൊഫ. ഷൈജൻ ഡേവിസ്

അഡ്വാന്‍സ് അടച്ചെങ്കിലും സേവനം ലഭിച്ചില്ല. അതിനാല്‍ നികുതി കൊടുക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു

'സാമ്പത്തിക നികുതി തട്ടിപ്പെന്ന വാദം നിലനിൽക്കില്ല'; RBCക്കെതിരായ ആരോപണത്തിൽ പ്രൊഫ. ഷൈജൻ ഡേവിസ്
dot image

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായി ജിഎസ്ടി വകുപ്പ് നടത്തുന്ന നടപടികളില്‍ പ്രതികരിച്ച് പ്രൊഫ. ഷൈജന്‍ ഡേവിസ്. സാമ്പത്തിക തട്ടിപ്പ് എന്ന വാദം നിലനില്‍ക്കില്ലെന്നും സർക്കാരിന് നഷ്ടമുണ്ടായെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സേവനം ലഭിച്ചോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അഡ്വാന്‍സ് അടച്ചെങ്കിലും സേവനം ലഭിച്ചില്ല. അതിനാല്‍ നികുതി കൊടുക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

സാധനമോ സേവനമോ വാങ്ങിയിട്ട് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ നികുതി അടയ്ക്കാതിരുന്നാലാണ് പ്രശ്‌നം. പക്ഷേ ഈ വിഷയത്തില്‍ അങ്ങനെ കാണാന്‍ കഴിയില്ലെന്നും അഡ്വാന്‍സ് പണം നല്‍കിയതിന്റെ നികുതി അടയ്‌ക്കേണ്ടത് അടുത്ത റിട്ടേണ്‍സ് ഫയല്‍ ചെയ്യുമ്പോഴാണെന്നും ഷൈജന്‍ ഡേവിസ് പ്രതികരിച്ചു.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ളില്‍ തന്നെ സേവനം ലഭിക്കില്ല എന്ന് ബോധ്യമായിട്ടുണ്ടാകും. ഈ വിഷയത്തില്‍ നികുതി വെട്ടിപ്പില്ല.
സര്‍ക്കാരിന്റെ ഖജനാവിലേക്ക് വരേണ്ട തുക വരാത്തതായി കാണാന്‍ കഴിയില്ല. മനപ്പൂര്‍വ്വം നികുതി അടച്ചില്ലെങ്കില്‍ പോലും സെക്ഷന്‍ 74 അനുസരിച്ച് നടപടിക്രമങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ സമയമുണ്ട്. നികുതി ദായകര്‍ക്ക് സുതാര്യവും എളുപ്പവുമുള്ള നിയമങ്ങളാണ് ജിഎസ്ടിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ വിദേശത്തുനിന്നാണ് സേവനം ലഭിക്കേണ്ടിയിരുന്നത്. അതിനാല്‍ അടക്കേണ്ടത് ജിഎസ്ടി അല്ല, ഐജിഎസ്ടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഐജിഎസ്ടി പൂളിലേക്കാണ് പണം അടക്കേണ്ടത്. പിന്നീടാണ് സംസ്ഥാന ഖജനാവുകളിലേക്ക് വരികയെന്നും ഷൈജന്‍ ഡേവിസ് പറഞ്ഞു.

Content Highlights: Prof. Shaijan Davis responds to the actions taken by the GST Department against Reporter Broadcasting Company

dot image
To advertise here,contact us
dot image