

ബിസിസിഐയും നിലവിലെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ കരാര്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍ ചുമതലയേറ്റേക്കുമെന്ന് റിപ്പോര്‍ട്ട്. അഗാര്‍ക്കറുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ ആറു മാസമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉന്നതതലങ്ങളില്‍ പാര്‍ഥിവ് പട്ടേലിന്റെ പേര് പരിഗണനയിലുണ്ട്. കരാര്‍ നീട്ടിനല്‍കുന്നതിനെക്കുറിച്ച് അഗാര്‍ക്കറുമായി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും, ഈ സ്ഥാനത്തേക്ക് പാര്‍ത്ഥിവ് പട്ടേലിനെ എത്തിക്കുന്നതില്‍ ശക്തമായ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നിയമനം നടപ്പിലായാല്‍ 25 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള പാര്‍ത്ഥിവ് പട്ടേലായിരിക്കും സെലക്ഷന്‍ പാനലിലെ ഏറ്റവും മുതിര്‍ന്ന അംഗം. പാനലിലെ നിലവിലെ മറ്റ് അംഗങ്ങളായ എസ്.എസ്. ദാസ് 23 ടെസ്റ്റുകളിലും ആര്‍.പി. സിംഗ് 14 ടെസ്റ്റുകളിലും പ്രഗ്യാന്‍ ഓജ, അജയ് രാത്ര എന്നിവര്‍ യഥാക്രമം 24, 6 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കുള്ള ടീമിനെയും ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും തിരഞ്ഞെടുത്തത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു. ഇത് അഗാര്‍ക്കറുടെ അവസാന സെലക്ഷന്‍ യോഗമായിരുന്നേക്കാമെന്നും സൂചനയുണ്ട്.
അടുത്തിടെ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്മാരായ ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവര്‍ പങ്കെടുത്ത പ്രമുഖ അവലോകന യോഗത്തില്‍ അഗാര്‍ക്കര്‍ പങ്കെടുത്തിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം സ്ഥലത്തില്ലാത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയ വ്യക്തമാക്കിയെങ്കിലും, യോഗത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിട്ടുനില്‍പ്പ് ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
2027 ഏകദിന ലോകകപ്പും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും മുന്നില്‍ നില്‍ക്കെ അഗാര്‍ക്കര്‍ തന്നെ തുടരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, പാര്‍ത്ഥിവ് പട്ടേലിന് ചുമതല കൈമാറണമെന്നാണ് ബിസിസിഐയിലെ ശക്തമായ മറ്റൊരു വിഭാഗത്തിന്റെ നിലപാട്. നിലവില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അസിസ്റ്റന്റ് ആന്‍ഡ് ബാറ്റിങ് കോച്ചായി പ്രവര്‍ത്തിക്കുകയാണ് പാര്‍ത്ഥിവ് പട്ടേല്‍.
അതേസമയം, ബിസിസിഐയുടെ 95-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം വെള്ളിയാഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ആരംഭിച്ചു. പുതിയ പുരുഷ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ്, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബോര്‍ഡ് സെക്രട്ടറി ദേവജിത് സെയ്കിയ, മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സൗരഭ് തിവാരി, അഭിഷേക് ഡാല്‍മിയ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ആസ്ഥാനത്ത് എത്തിച്ചേര്‍ന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ പ്രതിനിധിയെ നിര്‍ദ്ദേശിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണപരമായ വിവിധ വിഷയങ്ങളും ചര്‍ച്ചയില്‍ വരും. 2025-26 സാമ്പത്തിക വര്‍ഷത്തെ ബോര്‍ഡിന്റെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പരിശോധിക്കല്‍, 2026-27 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് അംഗീകരിക്കല്‍, ബോര്‍ഡ് ഓഡിറ്ററുടെ നിയമനം എന്നിവയും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയിലുണ്ട്.
ഈ മാസാവസാനം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ, ഇന്ത്യ 'എ' ടീമുകളെ അന്തിമമായി തിരഞ്ഞെടുക്കുന്നതിലേക്കാവും പുരുഷ സെലക്ഷന്‍ പാനല്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ന്യൂസീലന്‍ഡ് പര്യടനത്തിലും മുന്‍നിര ബാറ്ററായ രോഹിത് തന്നെയായിരിക്കും പ്രധാന ശ്രദ്ധാകേന്ദ്രം. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നേടിയ മിന്നുന്ന സെഞ്ചുറിയെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലും രോഹിത് സ്ഥാനം നിലനിര്‍ത്തിയിരുന്നു.
ന്യൂസീലന്‍ഡിനെതിരെ അഞ്ച് ട്വന്റി-20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയിലാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം, പ്രധാന രണ്ടു ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ അവസാന വാരം മുതല്‍ ഇന്ത്യ 'എ' ടീം ന്യൂസിലാന്‍ഡ് 'എ' ടീമുമായി മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലും ഏറ്റുമുട്ടും.
content highlights: Parthiv Patel Likely to Replace Ajit Agarkar as BCCI Chief Selector if Extension Denied