

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ നടപടിയുമായി ഡിജിസിഎ. ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാതെ മൂന്ന് വിദേശികള്‍ രാജ്യം വിട്ട സംഭവത്തില്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന കേന്ദ്രത്തിന്റെ ഉന്നതതല യോഗത്തിലാണ് വിശദീകരണം നല്‍കേണ്ടത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വ്യോമയാന മന്ത്രാലയം, ഇമിഗ്രേഷന്‍ ബ്യൂറോ, എയര്‍ ഇന്ത്യ പ്രതിനിധികളും ഡല്‍ഹി വിമാനത്താവള അധികൃതരും പങ്കെടുക്കും.
അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇറ്റാലിയന്‍ സ്വദേശികള്‍ ഉണ്ടായിരുന്നത്. ഇവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിന്നീട് മ്യൂണിക്കിലേക്ക് പോയി. എയര്‍ഇന്ത്യ നല്‍കുന്ന ഈസി കണക്റ്റ് സേവനമുള്ള വിമാനത്തിലായിരുന്നു യാത്ര. അമൃത്സര്‍ വിമാനത്താവളത്തില്‍ നിന്ന് ഇവരുടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
സെപ്തംബര്‍ മൂന്നിനും നാലിനും ഇടയിലുള്ള രാത്രിസമയത്താണ് സംഭവം. എയര്‍ഇന്ത്യയുടെ എഐ1115(Al1115) വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ വിദേശികള്‍ക്ക് അവിടെ ഡൊമസ്റ്റിക്ക് ബോര്‍ഡിങ് പാസാണ് നല്‍കിയത്. ഡല്‍ഹിയിലെത്തിയ ശേഷം ഇവര്‍ നിര്‍ദ്ദിഷ്ട എക്‌സിറ്റ് വഴി ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് പോകുന്നതിന് പകരം ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ ഏരിയയിലേക്ക് തെറ്റായി നയിക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് വിവരം. പിന്നീട് ഇമിഗ്രേഷന്‍ സ്റ്റാമ്പിങ് ഇല്ലാതെ ഇവര്‍ ലുഫ്താന്‍സ വിമാനത്തില്‍ മ്യൂണിക്കിലേക്ക് പോയി.
ഹബ് ആന്‍ഡ് സ്‌പോക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി എയര്‍ ഇന്ത്യയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയവും അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: DGCA has sought an explanation from Air India officials after foreign nationals reportedly left the country without completing immigration procedures