ബംഗാൾ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP, സുവേന്ദു അധികാരിയുടെ മുൻ PAയുടെ അമ്മയും മത്സരരംഗത്ത്

ഒക്ടോബര്‍ ആറിനാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്

ബംഗാൾ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP, സുവേന്ദു അധികാരിയുടെ മുൻ PAയുടെ അമ്മയും മത്സരരംഗത്ത്
dot image

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റെജിനഗറില്‍ നിന്നും സാഖാരവ് സര്‍ക്കാരും, നന്ദിഗ്രാമില്‍ ഹാസിറാണി റാഥും മത്സരിക്കും. ഇരുമണ്ഡലങ്ങളിലെയും ടിഎംസി സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്തിന്റെ അമ്മയാണ് ഹാസിറാണി റാഥ്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയതിന് പിന്നാലെയാണ് ചന്ദ്രനാഥ് റാത്ത് കൊല്ലപ്പെട്ടത്.

പാര്‍ട്ടി തനിക്ക് മത്സരിക്കാന്‍ ഒരു അവസരം നല്‍കിയിരിക്കുകയാണെന്നും നന്ദിഗ്രാമിലെ ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ട് പോകുമെന്നുമാണ് ഹാസിറാണി റാഥ് പ്രതികരിച്ചത്. മണ്ഡലത്തില്‍ ടിഎംസി നേതാവായ സഞ്ജിത പ്രധാനെയാണ് റാഥ് നേരിടുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും സുവേന്ദു അധികാരി മത്സരിച്ചിരുന്നു. ഇരുമണ്ഡലങ്ങളിലും വിജയിച്ച അദ്ദേഹം ഭവാനിപൂര്‍ സീറ്റാണ് നിലനിര്‍ത്തിയത്. ഇതോടെയാണ് പൂര്‍വ മേദിനിപൂര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആം ജനതാ ഉന്നയാന്‍ പാര്‍ട്ടി സ്ഥാപകനായ ഹുമയൂണ്‍ കബീറാണ് റെജിനഗറില്‍ നിന്നും വിജയിച്ചത്. നവാഡയിലും മത്സരിച്ച് ജയിച്ച അദ്ദേഹം, ആ മണ്ഡലം നിലനിര്‍ത്തിയതോടെയാണ് റെജിനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ മുഹമ്മദ് അബ്ദുല്ലാഹില്‍ കാഫി, ടിഎംസിയുടെ റായിബുല്‍ അലം ചൗധരി എന്നിവരാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സിപിഐയും മത്സരിക്കുന്നുണ്ട്. അതേസമയം റെജിനഗറില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാണ് മത്സരംഗത്ത്. ഒക്ടോബര്‍ ആറിനാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlights: The BJP has announced its candidates for the upcoming West Bengal assembly bypolls. Hansirani Rath has been named as the party’s candidate from Nandigram

dot image
To advertise here,contact us
dot image