

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ എല്ലാ നിലപാടുകളോടും തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. നാളെ കോഴിക്കോട് വച്ച് കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങളുണ്ടെന്ന് കാന്തപുരത്തോട് നേരിട്ട് പറയുമെന്നും അന്‍വര്‍ ഇബ്രാഹിം വ്യക്തമാക്കി.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ ഇബ്രാഹിം പ്രതികരണം നടത്തിയത്. സ്ത്രീകള്‍ വീടിനുള്ളില്‍ മാത്രം കഴിയണം എന്ന് കാന്തപുരം അടുത്തിടെ നടത്തിയ പരാമര്‍ശത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഖുര്‍ആന്‍, മതപാരമ്പര്യം, പ്രവാചകന്‍ എന്നീ വിഷയങ്ങളില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള ഒരു മതപണ്ഡിതനാണ് അദ്ദേഹം. പല നിലകളിലും മികച്ച അധ്യാപകനുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കണമെന്നില്ല,' അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.
കാന്തപുരം നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ നഴ്‌സിങ് കോളജിനെ ചൂണ്ടിക്കാട്ടിയ അന്‍വര്‍ ഇബ്രാഹിം, അവിടെ പഠിക്കുന്ന വനിതാ വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ ആശുപത്രികളില്‍ ജോലി ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ സര്‍വ്വകലാശാലകളില്‍ സ്ത്രീ വിദ്യാര്‍ത്ഥികളാണ് കൂടുതലുള്ളത്. തന്റെ ഭാര്യ ഒരു ഡോക്ടറാണ്. പെണ്‍മക്കള്‍ ഉള്‍പ്പെടെ തന്റെ എല്ലാ മക്കള്‍ക്കും പഠിക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും എല്ലാ അവസരങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും താന്‍ പങ്കുവച്ചതായി അന്‍വര്‍ ഇബ്രാഹിം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കൊച്ചിയിൽ നടന്ന ഇസ്‌ലാമിക സമ്മാളനത്തിലായിരുന്നു കാന്തപുരത്തിൻ്റെ വിവാദ പരാമർശം. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരത്തിൻ്റെ പ്രസ്താവന. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ മുഖ്യമന്ത്രി അടക്കം നിരവധി പേർ കാന്തപുരത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായപ്പോഴും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കാന്തപുരം ചെയ്തത്.
Content Highlights: Malaysian PM Anwar Ibrahim says he does not agree with all of Kanthapuram AP Aboobacker Musliyar’s views, stressing that women have equal rights in Malaysia