സഞ്ജു കളിക്കും? അഫ്ഗാനിസ്താനെതിരായ സാധ്യതാ ഇലവന്‍ പുറത്ത്

വൈഭവ് സൂര്യവംശി കളിച്ചേക്കില്ല, ഇലവനില്‍ ജസ്പ്രീത് ബുംറയും, മത്സരം നാളെ ദില്ലിയിൽ

സഞ്ജു കളിക്കും? അഫ്ഗാനിസ്താനെതിരായ സാധ്യതാ ഇലവന്‍ പുറത്ത്
dot image

അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. മൂന്ന് മത്സരങ്ങളും ജയിച്ച് കുതിപ്പ് നടത്താനാണ് ഇന്ത്യന്‍ ടീമിന്റെ ശ്രമം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനും ഈ പരമ്പര നിര്‍ണായകമാണ്. ആരൊക്കെ ടീമിലുണ്ടാകും എന്നതാണ് ഇപ്പോഴത്തെ ആകാംക്ഷ. ഇക്കാര്യത്തില്‍ മലായളികള്‍ക്ക് പ്രതീക്ഷയേകി സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ മാധ്യമം പുറത്തുവിട്ട സാധ്യതാ ഇലവനില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇലവനിലുള്ളത്. അഭിഷേകും സഞ്ജുവും ഓപ്പണ്‍ ചെയ്‌തേക്കും. പരിക്കില്‍നിന്ന് മുക്തനായെത്തുന്ന ബുംറയാണ് പ്രധാന ഹൈലൈറ്റ്.

അതേസമയം, ഇന്ത്യ അഫ്ഗാന്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ദില്ലി. ഒന്നാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ദില്ലി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെയാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്നത്. മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയത്തിന് സമീപപ്രദേശങ്ങളില്‍ ട്രാഫിക് വഴിതിരിച്ചുവിടലും പാര്‍ക്കിങ് നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
നടന്നുകൊണ്ടിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ മുന്‍കരുതല്‍ നടപടികള്‍. സെപ്റ്റംബര്‍ 13-ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ സ്റ്റേഡിയം പരിസരത്ത് നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ദില്ലി ട്രാഫിക് പോലീസ് വ്യക്തമാക്കി. യാത്രക്കാര്‍ തങ്ങളുടെ യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന വഴിയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. സാധ്യമായ ഇടങ്ങളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാനും സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ട്രാഫിക് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഉപദേശമുണ്ട്.


മത്സരം കാണാനെത്തുന്ന കാണികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള എന്‍ട്രി പോയിന്റുകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍, ആപ്പ് അടിസ്ഥാനമാക്കിയുള്ള ടാക്‌സി പിക്കപ്പ്-ഡ്രോപ്പ് പോയിന്റുകള്‍ എന്നിവ മാത്രം ഉപയോഗിക്കണമെന്ന് ദില്ലി ട്രാഫിക് പോലീസ് അഭ്യര്‍ത്ഥിച്ചു. സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങളിലും വാഹനങ്ങളുടെയും കാണികളുടെയും തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ക്ഷമ പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഡൈവേര്‍ഷന്‍ സൈനുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ദില്ലി ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്.

content highlights: Will Sanju Samson Play? Probable Playing XI for Match Against Afghanistan Revealed

dot image
To advertise here,contact us
dot image