അൽഫോൻസ് പുത്രൻ-നിവിൻ പോളി ചിത്രം 'വിജയം' ഡ്രോപ്പ് ചെയ്തോ? വ്യക്തത വരുത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

ഏതാനും ദിവസങ്ങളായി അൽഫോൻസ് പുത്രൻ-നിവിൻ പോളി ചിത്രം 'വിജയം' ഡ്രോപ്പ് ആയി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു

അൽഫോൻസ് പുത്രൻ-നിവിൻ പോളി ചിത്രം 'വിജയം' ഡ്രോപ്പ് ചെയ്തോ? വ്യക്തത വരുത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
dot image

അൽഫോൻസ് പുത്രൻ-നിവിൻ പോളി ചിത്രം 'വിജയം' ഡ്രോപ്പ് ചെയ്തുവെന്ന വാർത്തകളോട് പ്രതികരിച്ച് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കുട്ടു ശിവാനന്ദൻ. ഇപ്പോഴിതാ വിജയം സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആരാണ് ഇങ്ങനെയുള്ള അഭ്യൂഹങ്ങൾ ഉണ്ടാക്കുന്നതെന്നോ പ്രചരിപ്പിക്കുന്നതെന്നോ അറിയില്ലെന്നും ചിത്രം നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണെന്ന് കുട്ടു പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ആരാണ് ഇങ്ങനെയുള്ള അഭ്യൂഹങ്ങൾ ഉണ്ടാക്കുന്നതെന്നോ പ്രചരിപ്പിക്കുന്നതെന്നോ അറിയില്ല. കാര്യങ്ങൾ വ്യക്തമാക്കാം, ചിത്രം നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ശേഷം ഞങ്ങൾ ഔദ്യോഗികമായി ഷൂട്ടിംഗ് ആരംഭിക്കും. ഈ വാർത്തകളിൽ യാതൊരു സത്യവുമില്ല. ദയവായി ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുക', കുട്ടു കുറിച്ചു.

ഏതാനും ദിവസങ്ങളായി അൽഫോൻസ് പുത്രൻ-നിവിൻ പോളി ചിത്രം 'വിജയം' ഡ്രോപ്പ് ആയി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ മഹാവിജയത്തിന് ശേഷം നിവിൻ പോളി സ്ക്രിപ്റ്റുകളിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരുന്നുവെന്നും അത് കാരണമാണ് ചിത്രം ഉപേക്ഷിക്കുന്നതെന്നും തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.

പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ-നിവിൻ പോളി ഒന്നിക്കുന്നുവെന്ന ആകാംക്ഷയിലാണ് ആരാധകർ വിജയം പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്നത്. വിജയത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത് അൽഫോൺസ് പുത്രനാണ്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റീവ് കോട്ടൂരാണ് സംഗീത സംവിധാനം, ഷിനോസാണ് ക്യാമറ ചെയ്യുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശബരീഷ് വർമയാണ് വരികൾ എഴുതുന്നത്.

Content Highlights: Nivin Pauly-Alphonse Puthren movie is not dropped clarifies kuttu sivanandan

dot image
To advertise here,contact us
dot image