ഷിയുടെ ഹോങ്ചി N701, പുടിൻ്റെ ഔറസ് സെനറ്റ്: ബ്രിക്സ് ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായി രണ്ട് പ്രസിഡൻഷ്യൽ വാഹനങ്ങൾ

കനത്ത കവചിത സംവിധാനങ്ങൾക്കൊപ്പം അതീവ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നവയാണ് ഈ രണ്ട് കാറുകളും

ഷിയുടെ ഹോങ്ചി N701, പുടിൻ്റെ ഔറസ് സെനറ്റ്: ബ്രിക്സ് ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായി രണ്ട് പ്രസിഡൻഷ്യൽ വാഹനങ്ങൾ
dot image

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും. ഇവർക്കൊപ്പം ഇരുവരുടെയും പ്രസിഡൻഷ്യൽ വാഹനവ്യൂഹത്തിൽ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള, പ്രത്യേകമായി നിർമിച്ച രണ്ട് കാറുകളും ഇതിനകം ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന് ഇന്ത്യയിലെത്തിയ പുടിൻ റഷ്യയിൽ നിർമിച്ച ഔറസ് സെനറ്റ് (Aurus Senat) ആണ് ഉപയോഗിക്കുന്നത്. സെപ്റ്റംബർ 12ന് എത്തുന്ന ഷി ജിൻപിങ് ചൈനയുടെ ഹോങ്ചി N701 ആയിരിക്കും ഉപയോഗിക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കനത്ത കവചിത സംവിധാനങ്ങൾക്കൊപ്പം അതീവ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നവയാണ് ഈ രണ്ട് കാറുകളും. യാത്രയ്ക്കിടയിലും നേതാക്കൾക്ക് സുരക്ഷിതമായി ഔദ്യോഗിക ആശയവിനിമയം നടത്താൻ ഇതിലൂടെ സാധിക്കും.

പുടിന്റെ ഔറസ് സെനറ്റ്

2018ലാണ് പുടിൻ ഔറസ് സെനറ്റ് ഉപയോഗിച്ച് തുടങ്ങിയത്. ഇതിന് മുമ്പ് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നത് മെഴ്‌സിഡസ് ബെൻസ് S 600 ഗാർഡ് പുൾമാൻ ആയിരുന്നു. റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥർക്കായി രാജ്യത്ത് തന്നെ വാഹനങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കോർട്ടെഷ്’ (Kortezh) പദ്ധതിയുടെ ഭാഗമായാണ് ഔറസ് സെനറ്റ് വികസിപ്പിച്ചത്. പ്രസിഡന്റിനായി ഉപയോഗിക്കുന്ന L700 പതിപ്പിന് ഏകദേശം ഏഴ് മീറ്റർ നീളമുണ്ട്. കവചസംവിധാനങ്ങളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉൾപ്പെടുന്നതിനാൽ വാഹനത്തിന് ടൺകണക്കിന് ഭാരമുണ്ട്.4.4 ലിറ്റർ ട്വിൻ ടർബോ V8 ഹൈബ്രിഡ് എൻജിനാണ് വാഹനത്തിനുള്ളത്. ഏകദേശം 598 ഹോഴ്സ് പവറും 880 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എൻജിനൊപ്പം ഒൻപത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ വീൽ ഡ്രൈവ് സംവിധാനവും പുടിന്റെ ഔറസ് സെനറ്റിലുണ്ട്.

വാഹനത്തിന്റെ കൃത്യമായ സുരക്ഷാ നിലവാരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഉയർന്ന കാലിബറിലുള്ള വെടിയുണ്ടകളെയും കവചിതഭേദക വെടിയുണ്ടകളെയും ചെറുക്കാൻ സെനറ്റിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി സെന്റിമീറ്റർ കനമുള്ള മൾട്ടി-ലെയർ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ് വാഹനത്തിന്റെ വിൻഡോകളിൽ ഉപയോഗിച്ചിരിക്കുന്നത്. റൺ-ഫ്ലാറ്റ് ടയറുകൾ, ശക്തിപ്പെടുത്തിയ ഇന്ധന ടാങ്ക്, വാഹനത്തിന്റെ അടിഭാഗത്തെ സ്ഫോടനങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന സംവിധാനങ്ങൾ എന്നിവയും സെനറ്റിലുണ്ട്. രാസായുധ ആക്രമണം പോലുള്ള സാഹചര്യങ്ങളിൽ യാത്രക്കാരെ സംരക്ഷിക്കുന്നതിനായി പ്രത്യേക ഓക്സിജൻ വിതരണവും വായു ശുദ്ധീകരണ സംവിധാനവും വാഹനത്തിലുണ്ടെന്നാണ് റിപ്പോർട്ട്. തീപിടിത്തമുണ്ടായാൽ ഉപയോഗിക്കാനുള്ള ഫയർ സപ്രഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കാറിൽ ഒരുക്കിയിരിക്കുന്ന സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളിലൂടെ യാത്രയ്ക്കിടയിലും പുടിന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കഴിയുമെന്നതും ഔറസ് സെനറ്റിൻ്റെ പ്രത്യേകതയാണ്.

ഔറസ് സെനറ്റിൻ്റെ പിൻഭാഗത്തെ കാബിനിൽ ചൂടാക്കാനും തണുപ്പിക്കാനും കഴിയുന്ന മസാജ് സീറ്റുകൾ, ഡിജിറ്റൽ സ്ക്രീനുകൾ, ജോലി ചെയ്യുന്നതിനുള്ള മേശകൾ, ഫ്രിഡ്ജ്, സ്വകാര്യത ഉറപ്പാക്കുന്നതിനുള്ള പാർട്ടീഷൻ എന്നിവയുണ്ട്. സാധാരണ വിപണിയിൽ ലഭ്യമായ സെനറ്റ് മോഡലിന് ഏകദേശം 18 ദശലക്ഷം റൂബിൾസ്, അതായത് ഏകദേശം 2.5 കോടി രൂപയാണ് വില. എന്നാൽ പുടിനായി ഉപയോഗിക്കുന്ന പ്രസിഡൻഷ്യൽ പതിപ്പിൽ അധിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ഈ പതിപ്പ് സാധാരണ ഉപഭോക്താക്കൾക്ക് വിൽപ്പനയ്ക്ക് ലഭ്യമല്ല. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനൊപ്പം ഔറസ് സെനറ്റിൽ യാത്ര ചെയ്തിരുന്നു.

ഷി ജിൻപിങ്ങിന്റെ ഹോങ്ചി N701

ചൈനയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ‘ഹോങ്ചി’ (Hongqi), അഥവാ ‘റെഡ് ഫ്ലാഗ്’ എന്ന ബ്രാൻഡിലുള്ളതാണ്. ചൈനയുടെ രാഷ്ട്രീയ നേതൃത്വത്തിനായി വാഹനങ്ങൾ നിർമിക്കുന്നതിനായി ഫസ്റ്റ് ഓട്ടോമോട്ടീവ് വർക്സ് 1958ലാണ് ഹോങ്ചി ബ്രാൻഡ് സ്ഥാപിച്ചത്. ആദ്യകാലത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നത നേതാക്കളും വിദേശത്തുനിന്നെത്തുന്ന പ്രമുഖ നേതാക്കളും ഹോങ്ചിയുടെ വാഹനങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് ചൈനയിൽ വിദേശ ആഡംബര വാഹന നിർമാതാക്കൾ ചുവടുറപ്പിച്ചതോടെ ബ്രാൻഡിന്റെ പ്രാധാന്യം കുറഞ്ഞു. പിന്നീട് പ്രീമിയം ആഭ്യന്തര വാഹന ബ്രാൻഡായി ഹോങ്ചി വീണ്ടും ശക്തമായി തിരിച്ചെത്തുകയായിരുന്നു.

ഷി ജിൻപിങ്ങിന്റെ അതീവ സുരക്ഷയുള്ള യാത്രകളിൽ ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്ന വാഹനമാണ് ഹോങ്ചി N701. എന്നാൽ ഈ വാഹനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ചൈന വളരെ കുറച്ചേ പുറത്തുവിട്ടിട്ടുള്ളൂ. N701ന് 18 അടിയിലധികം നീളവും മൂന്ന് ടണ്ണിലധികം ഭാരവുമുണ്ടെന്നാണ് കണക്കാക്കുന്നത്. കനത്ത കവചിതസംവിധാനം, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ശക്തിപ്പെടുത്തിയ ബോഡി, സ്വതന്ത്ര ലൈഫ് സപ്പോർട്ട് സംവിധാനം, സുരക്ഷിതമായ ആശയവിനിമയ സംവിധാനം എന്നിവ വാഹനത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഔറസ് സെനറ്റിൽ നിന്ന് വ്യത്യസ്തമായി N701ന്റെ അടിസ്ഥാന മെക്കാനിക്കൽ വിവരങ്ങൾ പോലും പുറത്തുവന്നിട്ടില്ല. വാഹനത്തിന്റെ എൻജിൻ, പവർ ഔട്ട്പുട്ട്, കൃത്യമായ ബാലിസ്റ്റിക് സുരക്ഷാ നിലവാരം തുടങ്ങിയവ ചൈന ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വളരെ പരിമിതമായ എണ്ണത്തിൽ മാത്രമാണ് ഈ പ്രസിഡൻഷ്യൽ വാഹനങ്ങൾ നിർമിക്കുന്നത്. സ്വകാര്യ വ്യക്തികൾക്ക് ഇവ വാങ്ങാൻ കഴിയില്ല. ഹോങ്ചിയുടെ മറ്റൊരു മുൻനിര മോഡലായ L5വും ശ്രദ്ധേയമാണ്. 2025ലെ SCO ഉച്ചകോടിക്കായി ടിയാൻജിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹോങ്ചി L5ൽ യാത്ര ചെയ്തിരുന്നു. 2019ൽ മഹാബലിപുരത്ത് പ്രധാനമന്ത്രിയുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്കായി ഇന്ത്യയിലെത്തിയപ്പോഴും ഷി ജിൻപിങ് L5 ഉപയോഗിച്ചിരുന്നു.

5.5 മീറ്ററിലധികം നീളമുള്ള L5ന് മൂന്ന് ടണ്ണിലധികം ഭാരമുണ്ട്. 400ലധികം ഹോഴ്സ് പവർ ഉൽപ്പാദിപ്പിക്കുന്ന 6.0 ലിറ്റർ V12 എൻജിനാണ് ഇതിന്റെ ഒരു പതിപ്പിൽ ഉപയോഗിച്ചിരുന്നത്. മണിക്കൂറിൽ ഏകദേശം 210 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയുമെന്നാണ് റിപ്പോർട്ട്. ലെതർ സീറ്റുകൾ, വുഡ്, ജേഡ് അലങ്കാരങ്ങൾ, ചൂടാക്കാനും തണുപ്പിക്കാനും കഴിയുന്ന മസാജ് സീറ്റുകൾ, ഓരോ യാത്രക്കാരനും പ്രത്യേകം ഉപയോഗിക്കാവുന്ന എന്റർടെയ്ൻമെന്റ് സ്ക്രീനുകൾ എന്നിവയാണ് L5ന്റെ കാബിനിലെ പ്രധാന പ്രത്യേകതകൾ. ഏകദേശം 5 ദശലക്ഷം യുവാൻ, അതായത് ഏകദേശം 7 കോടി രൂപയാണ് L5ന്റെ വിലയെന്നാണ് റിപ്പോർട്ട്.

Content Highlights: Xi Jinping’s Hongqi N701 and Vladimir Putin’s Aurus Senat have drawn attention at the BRICS Summit for their armour, security features and presidential design.

dot image
To advertise here,contact us
dot image