

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി-അടൂർ ചിത്രം പദയാത്രയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. Zone മാറ്റി മമ്മൂക്ക, അടുത്ത നാഷണൽ അവാർഡ് ഉറപ്പ് എന്നാണ് ട്രെയിലറിന് താഴെ പ്രേക്ഷകരുടെ കമെന്റുകൾ. ഒരു ഡ്രാമ ചിത്രമായി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടി കമ്പനി തന്നെയാണ് നിർമ്മിക്കുന്നത്. ഒരു ഡോക്ടറിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.
അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പദയാത്രയ്ക്ക് ഉണ്ട്. തകഴിയുടെ പ്രസിദ്ധ നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കാൻ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കഥയും തിരക്കഥയും സംഭാഷണവും അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്ന് നിർവഹിക്കുന്നു എന്നാണ് പോസ്റ്ററിലുള്ളത്. ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിന് ശേഷമാകും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ അടൂർ സിനിമകളിൽ മമ്മൂട്ടി മുഖ്യ വേഷങ്ങളിലെത്തി. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറിനെയും വിധേയനിൽ വില്ലനായ ഭാസ്‌കര പട്ടേലർ എന്ന ജന്മിയെയുമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന വേഷങ്ങളായി ഇവ രണ്ടും മാറിയിരുന്നു.
Content Highlights: Mammootty starrer Adoor Gopalakrishnan movie padayatra trailer out