

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. സിബിഐ അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2020 ജൂണ്‍ എട്ടിനാണ് മുബൈയിലെ മലാഡിലുള്ള അപ്പാർട്ട്മെൻ്റിൻ്റെ 14-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ ദിഷയെ കണ്ടെത്തുന്നത്.
ബന്ദ്രയിലെ ഫ്‌ലാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ദിഷയുടെ കേസില്‍ അപകടമരണത്തിന് സിറ്റി പൊലീസ് എഡിആര്‍ മാത്രമാണ് രെജിസ്റ്റര്‍ ചെയ്തിരുന്നത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന് ആര്‍ക്കെങ്കിലുമെതിരെ മതിയായ തെളിവുകള്‍ കണ്ടെത്താനാകാത്ത പക്ഷം ആരെയും പ്രതിയായി കണക്കാക്കരുതെന്നും ജസ്റ്റിസുമാരായ സാരംഗ് കോട്വാള്‍, രഞ്ജിത്സിന്‍ഹ രാജ ഭോണ്‍സാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
തന്റെ മകളുടെ മരണത്തില്‍ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ദിഷ സാലിയന്റെ പിതാവ് സതീഷ് സാലിയന്‍ 2020 ജൂണില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറാന്‍ മുംബൈ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. എന്നാല്‍ കേസില്‍ അന്വേഷണം നടത്തിയ സിറ്റി പൊലീസ് ദിഷയുടെ മരണം ആത്മഹത്യയാണ് എന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാല്‍ തന്റെ മകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായാണ് മരണപ്പെട്ടതന്നാരോപിച്ച് ദിഷയുടെ പിതാവ് കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ പെറ്റീഷന്‍ നല്‍കിയിരുന്നു.
കുടുംബത്തിന്റെ കൊലപാതക ആരോപണം നിലനില്‍ക്കെ, ഒരു അപകട മരണ റിപ്പോര്‍ട്ട് (എഡിആര്‍) മാത്രം രജിസ്റ്റര്‍ ചെയ്യുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്തതില്‍ മുമ്പ് നടന്ന വാദം കേള്‍ക്കലില്‍, ജസ്റ്റിസ് ഭാരതി ഡാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദിഷ സാലിയന്‍ മരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും എഡിആറിന്റെയും പകര്‍പ്പുകള്‍ കുടുംബത്തിന് നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
മുമ്പ് കേസ് അന്വേഷണത്തിലെ പോരായ്മകള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പതിനാലാം നിലയില്‍ നിന്ന് വീണിട്ടും ഒരാളുടെ പല്ലുകള്‍ മാത്രമേ തകരുകയുള്ളോ എന്നാണ് കോടതി ആദ്യം ഉന്നയിച്ച ചോദ്യം. ശരീരത്തില്‍ ഉണ്ടായിരുന്ന രക്തക്കറ, പരിക്കുകളുടെ രീതി എന്നിവയൊന്നും എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അത്രയും ഉയരത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് പതിച്ചാല്‍ തലയോട്ടിക്ക് ഒരു പരിക്കും ഏല്‍ക്കാതെ പല്ലുമാത്രം തകരാന്‍ കാരണമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചിരുന്നു.
അതേസമയം യുവതിക്ക് മുഖത്തും തലയോട്ടിക്കും വാരിയെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ശിശിര്‍ ഹൈര്‍ മറുപടി നല്‍കിയിരുന്നു. വീഴ്ചയില്‍ ശരീരത്തിലെവിടെയാണോ ആഘാതമുണ്ടാകുന്നത് അതിനെ ആശ്രയിച്ചാകും രക്തസ്രാവം ഉണ്ടാവുകയെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല, മണ്‍സൂണ്‍ കാലമായതിനാല്‍ ശക്തമായ മഴമൂലം തളംകെട്ടിയ രക്തം ഒലിച്ച് പോയിട്ടുണ്ടാകാമെന്നും അദ്ദേഹം വാദിച്ചിരുന്നു. ഉടനടി തന്നെ കോടതി ഇടപെട്ട് പ്രധാനപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. യുവതിയുടെ മരണം സംഭവിച്ച് ആറര മണിക്കൂറിന് ശേഷമാണ് മഴ പെയ്തതെന്നും കൃത്യമായി മഴ പെയ്ത സമയം രാവിലെ 9.40ഓടെയാണെന്നും കോടതി പറഞ്ഞു.
അതേസമയം യുവതിയുടെ വസ്ത്രവുമായി ബന്ധപ്പെട്ടും വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പൊലീസിന്റെ മഹ്സറിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും യുവതിയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലായിരുന്നെന്ന് സൂചിപ്പിക്കുമ്പോള്‍ ആശുപത്രിയിലെയും മോര്‍ച്ചറിയിലെയും ചിത്രങ്ങളില്‍ വസ്ത്രമുണ്ടെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ പെട്ടെന്ന് ഒരു നിഗമനത്തില്‍ എത്തിച്ചേരാനല്ല ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: The Bombay High Court has ordered the Central Bureau of Investigation (CBI) to register an FIR and investigate the death of actor Sushant Singh Rajput’s former manager Disha Salian. Disha was found dead after falling from the 14th floor of a building in Mumbai’s Malad on June 8, 2020, days before Sushant was found dead at his Bandra residence. The court also clarified that no person should be treated as an accused unless the investigating officer finds sufficient evidence against them.