ഡല്‍ഹി ബസുകളില്‍ ഇനി കര്‍ട്ടനും സണ്‍ ഫിലിമും വേണ്ട, പാനിക് ബട്ടണ്‍ നിര്‍ബന്ധം; ബസ് സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി

ദേശീയ തലസ്ഥാന മേഖലയിലെ ബസുകളില്‍ സ്ത്രീസുരക്ഷയും നിര്‍ബന്ധിത സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കലും വീണ്ടും ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ നടപടി.

ഡല്‍ഹി ബസുകളില്‍ ഇനി കര്‍ട്ടനും സണ്‍ ഫിലിമും വേണ്ട, പാനിക് ബട്ടണ്‍ നിര്‍ബന്ധം; ബസ് സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസുകളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുന്നതും അനധികൃത ഫിലിം/സണ്‍ ഫിലിം ഉപയോഗിക്കുന്നതും നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍. ദേശീയ തലസ്ഥാന മേഖലയിലെ ബസുകളില്‍ സ്ത്രീസുരക്ഷയും നിര്‍ബന്ധിത സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കലും വീണ്ടും ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ നടപടി.

സ്ലീപ്പര്‍ ബസിനുള്ളിലെ അതിക്രമത്തില്‍ ബസിന്റെ ജനലുകളില്‍ കര്‍ട്ടനുകള്‍ ഇട്ടിരുന്നതിനാല്‍ പുറത്തുനിന്നുള്ള കാഴ്ച തടസ്സപ്പെട്ടിരുന്നു. കൂടാതെ, 2012ലെ നിര്‍ഭയ കേസിന് ശേഷം നിയമപ്രകാരം നിര്‍ബന്ധമാക്കിയ സിസിടിവി സംവിധാനം പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2012ലെ ഡല്‍ഹി നിര്‍ഭയ കേസിന്റെ അതേ സ്വഭാവത്തിലുള്ള സംഭവമായാണ് ഇതും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 4ന് രാത്രിയിലാണ് സംഭവം നടന്നത്. കുറ്റകൃത്യത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും പെണ്‍കുട്ടിയെ കാശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിയെ 40 കിലോമീറ്ററിലധികം അകലെയാണ് ഉപേക്ഷിച്ചത്.

ഡല്‍ഹി ഗതാഗത വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. നിര്‍ബന്ധിത സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ മാത്രം പോരെന്നും അവ എല്ലാ സമയത്തും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ബസ് ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പാനിക് ബട്ടണുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന വിധത്തില്‍ ബട്ടണ്‍ സെറ്റ് ചെയ്യാനാണ് നിര്‍ദേശം. ഓരോ ബസിലും പ്രവര്‍ത്തനക്ഷമമായ ഫയര്‍ എക്സ്റ്റിംഗ്വിഷറും ഫസ്റ്റ് എയ്ഡ് കിറ്റും ഉണ്ടായിരിക്കണം. രാത്രിയിലോ ബസ് ഉപയോഗിക്കാത്ത സമയത്തോ അംഗീകൃതവും സുരക്ഷിതവും മതിയായ വെളിച്ചമുള്ളതുമായ സ്ഥലങ്ങളില്‍ മാത്രമേ ബസുകള്‍ പാര്‍ക്ക് ചെയ്യാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Delhi Buses Face Stricter Safety Rules: Curtains and Unauthorised Films Banned, Panic Buttons and Tracking Devices Must Remain Functional

dot image
To advertise here,contact us
dot image