രാജ്യത്തെ 46 ജില്ലകളില്‍ ഇപ്പോഴും തോട്ടിപ്പണി ഉണ്ട്; തൊഴിലാളികളെ അണിനിരത്തി സഫായി കര്‍മ്മചാരി ആന്ദോളൻ

മാനുവല്‍ തോട്ടിപ്പണി നിയമവിരുദ്ധവും ഡ്രൈ ശൗചാലയങ്ങള്‍ നിരോധിച്ചതുമായ നിയമം ഇപ്പോള്‍ നിലവിലുണ്ട്

രാജ്യത്തെ 46 ജില്ലകളില്‍ ഇപ്പോഴും തോട്ടിപ്പണി ഉണ്ട്; തൊഴിലാളികളെ അണിനിരത്തി സഫായി കര്‍മ്മചാരി ആന്ദോളൻ
dot image

ന്യൂഡല്‍ഹി: മനുഷ്യ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി തോട്ടിപ്പണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന ആക്ഷേപവുമായി സഫായി കര്‍മ്മചാരി ആന്ദോളന്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ജമ്മു കശ്മീരിലെയും കുറഞ്ഞത് 46 ജില്ലകളിലെങ്കിലും നിയമവിരുദ്ധമായ തോട്ടിപ്പണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഇവർ ആരോപിക്കുന്നത്. സഫായി കര്‍മ്മചാരി ആന്ദോളന്‍ (എസ്‌കെഎ) പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വൃത്തിഹീനമായ ശൗചാലയങ്ങളില്‍ മനുഷ്യ വിസര്‍ജ്ജ്യം കൈകൊണ്ട് വൃത്തിയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും ജമ്മു കശ്മീരില്‍ നിന്നുള്ള യുവാക്കളെയും പങ്കെടുപ്പിച്ചായിരുന്നു യോഗം.

ഇക്കഴിഞ്ഞ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ 2024 - 25 വര്‍ഷത്തെ സര്‍വെ ഇത്തരം ജോലികള്‍ ചെയ്യുന്ന ആരും രാജ്യത്തില്ലെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ ഖണ്ഡിക്കുന്നാണ് സഫായി കര്‍മ്മചാരി ആന്ദോളൻ്റെ അരോപണം. ഈ ജില്ലകളിലെ ഡ്രൈ ശൗചാലയങ്ങളില്‍ നിന്ന് സ്ത്രീകള്‍ മാലിന്യം നീക്കം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടയുള്ള തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് എസ്‌കെഎയുടെ ദേശീയ കണ്‍വീനറും സഹസ്ഥാപകനുമായ ബെസ്വാഡ വില്‍സണ്‍ അവകാശപ്പെട്ടു. ഈ തെളിവുകള്‍ ചൂണ്ടിക്കാട്ടി പുതിയ സര്‍വേ നടത്തണമെന്നും 60 ദിവസത്തിനുള്ളില്‍ ഈ ജില്ലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തങ്ങള്‍ സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന് കത്തെഴുതുമെന്നും വില്‍സണ്‍ വ്യക്തമാക്കി.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ മന്ത്രാലയം നടപടിയെടുക്കുന്നില്ലെങ്കില്‍, അടുത്ത വര്‍ഷം ആദ്യം എസ്‌കെഎ ടീമുകള്‍ ഒരു സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലുടനീളമുള്ള കണ്ടെത്തലുകള്‍ തങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും നടപടികള്‍ ആവശ്യപ്പെടുന്നതിനായി പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ജുഡീഷ്യറിക്കും അവ പങ്കിടുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോട്ടിപ്പണി നിയമവിരുദ്ധവും ഡ്രൈ ശൗചാലയങ്ങള്‍ നിരോധിച്ചതുമായ നിയമം ഇപ്പോള്‍ നിലവിലുണ്ട്. ചൂഷണവും തൊട്ടുകൂടായ്മയും നിറഞ്ഞ ഒരു ജീവിതത്തിന്റെ ഹൃദയഭേദകമായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ മുന്നോട്ട് വന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് മദന്‍ ലോകുര്‍, ജസ്റ്റിസ് സുധന്ദു ധൂലിയ, മുന്‍ പട്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ് എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാജ്യത്തെ മാനുവല്‍ സ്‌കാവെഞ്ചിംഗില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 'INDIA @ 80' എന്ന കാമ്പയിന്‍ ആരംഭിക്കുമെന്ന് എസ്‌കെഎ പ്രഖ്യാപിച്ചപ്പോഴാണ് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന യോഗത്തില്‍, മുന്‍ ജഡ്ജിമാര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. മാനുവല്‍ സ്‌കാവെഞ്ചിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മോചനത്തിനായുള്ള പോരാട്ടത്തെക്കുറിച്ച് വിശദീകരിച്ച ജസ്റ്റിസ് ലോകൂര്‍ തൊട്ടുകൂടായ്മയ്ക്കെതിരെ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം ഉണ്ടായിരുന്നിട്ടും ഈ രീതി തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു.

നീതിക്കുവേണ്ടിയുള്ള തൊഴിലാളികളുടെ നീണ്ട കാലമായി തുടരുന്ന പോരാട്ടത്തെക്കുറിച്ചും സുപ്രീം കോടതിയില്‍ നിന്ന് കാലാകാലങ്ങളില്‍ ലഭിച്ച വിവിധ നിര്‍ദ്ദേശങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്ന അധികാരികളുടെ നിഷേധമാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. പ്രശ്നം പരിഹരിക്കുന്നതിനുള്ള സമീപനവും മാനുവല്‍ സ്‌കാവെഞ്ചിംഗ് അവസാനിപ്പിക്കാനുള്ള നീക്കവും സര്‍ക്കാരിന്റെ മുന്‍ഗണനയല്ലെന്നും ജസ്റ്റിസ് ലോകൂര്‍ വിമര്‍ശിച്ചു. ഡ്രൈ ശൗചാലയങ്ങള്‍ എവിടെയാണെങ്കിലും അവ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ ഇത് ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

40-ലധികം ജില്ലകളില്‍ മാനുവല്‍ തോട്ടിപ്പണിയും ഡ്രൈ ടോയ്ലറ്റുകളും ഇപ്പോഴും നിലനില്‍ക്കുന്നെ വെളിപ്പെടുത്തലിൽ ജസ്റ്റിസ് ധൂലിയയും ഞെട്ടല്‍ പ്രകടിപ്പിച്ചു. നമ്മുടെ സമൂഹത്തില്‍ അത്തരമൊരു സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നതില്‍ എല്ലാവരും ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാനുവല്‍ തോട്ടിപ്പണി അവസാനിപ്പിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടക്കാത്തതില്‍ ജസ്റ്റിസ് അഞ്ജന പ്രകാശും ആശങ്ക പ്രകടിപ്പിച്ചു.

യുപിയിലെ സീതാപൂര്‍ ജില്ലയിലെ 71 വയസ്സുള്ള മുസ്സി ദേവി തന്റെ ജീവിതം മുഴുവന്‍ ഡ്രൈ ടോയ്ലറ്റുകള്‍ വൃത്തിയാക്കി എങ്ങനെ കടന്നുപോയി എന്നും ഇപ്പോഴും അവരുടെ പ്രദേശത്തെ കുടുംബങ്ങള്‍ അവരെ ഇതിനായി വിളിക്കാറുണ്ടെന്നുമുള്ള അനുഭവം പങ്കുവെച്ചിരുന്നു. ഈ തൊട്ടുകൂടായ്മയില്‍ നിന്ന് നമുക്ക് എപ്പോഴാണ് സ്വാതന്ത്ര്യം ലഭിക്കുക എന്നും മുസ്സി ദേവിയും മറ്റുള്ളവരും ചോദിച്ചു. വാര്‍ദ്ധക്യവും ദുര്‍ബലയുമായ അവര്‍ തളര്‍വാതം ബാധിച്ച തന്റെ ഭര്‍ത്താവിനെ പരിചരിക്കുക കൂടി ചെയ്യുന്നുണ്ട്.

ജമ്മു കശ്മീരില്‍ നിന്നുള്ള 35 വയസ്സുള്ള മുസാഫര്‍ അഹമ്മദ് ഷെയ്ഖ്, ഡ്രൈ ടോയ്ലറ്റുകളില്‍ മാനുവല്‍ തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്റെ കുടുംബത്തിലെ മൂന്നാം തലമുറയാണ് താനെന്ന വിവരവും പങ്കുവെച്ചു. തന്റെ സമുദായം തൊട്ടുകൂടായ്മയ്ക്ക് വിധേയരാണെന്നും അവരുടെ വീടുകള്‍ പോലും ഒരു പ്രത്യേക ക്ലസ്റ്ററിലാണ് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗന്ദര്‍ബലിലെ വുസ്സാന്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. ഒരു മാനുവല്‍ തോട്ടിപ്പണിക്കാരന്‍ എന്ന ഐഡന്റിറ്റിയില്‍ നിന്ന് തനിക്ക് മോചനം വേണമെന്നും തന്റെ മകന്‍ ഒരിക്കലും ഇത് ചെയ്യാനായി വളരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ആറ് വയസ്സുള്ള കുട്ടിയുടെ പിതാവ് കൂടിയായ അദ്ദേഹം പറഞ്ഞത്.

Also Read:

'എനിക്ക് 16 വയസ്സുള്ളപ്പോള്‍ പോരാട്ടം ആരംഭിച്ചു, ഇപ്പോള്‍ എനിക്ക് 60 വയസ്സായി. പലതും മാറിയിട്ടുണ്ട്, പക്ഷേ വരണ്ട ശൗചാലയങ്ങളില്‍ മാനുവല്‍ തോട്ടിപ്പണി ഇപ്പോഴും തുടരുന്നു. ഈ ഭീഷണി നാം തീര്‍ച്ചയായും അവസാനിപ്പിക്കണം,' നീതി തേടുന്ന എല്ലാവരുടെയും വികാരത്തെ സംഗ്രഹിച്ചുകൊണ്ട് ബെസ്വാഡ വില്‍സണ്‍ പറഞ്ഞു.

ഓഗസ്റ്റില്‍ അവസാനിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മാന്യുവല്‍ സ്‌കാവെഞ്ചിംഗിനെ കുറിച്ചുള്ള രേഖാമൂലമുള്ള ചോദ്യത്തിന് സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ മറുപടി നല്‍കിയിരുന്നു. '2013 ലെ Manual Scavengers and their Rehabilitation Atc (എംഎസ് ആക്ട്, 2013)' പ്രകാരം, 2024-25 വര്‍ഷത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും സര്‍വേ നടത്തിയിട്ടുണ്ടെന്നും അതില്‍ ഒരു തോട്ടിപ്പണിക്കാരനെയും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ എല്ലാ ജില്ലകളും സര്‍വേ പൂര്‍ത്തിയാക്കി രാജ്യം സ്വയം തോട്ടിപ്പണിക്കാരില്‍ നിന്ന് മുക്തമായി എന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. എന്നിരുന്നാലും, 2013 ലും 2018 ലും നടത്തിയ രണ്ട് മുന്‍ സര്‍വേകളില്‍ 58,098 മാനുവല്‍ സ്‌കാവഞ്ചര്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlights: Safai Karamchari Andolan (SKA) claims that manual scavenging continues in at least 46 districts across Uttar Pradesh, Madhya Pradesh, Bihar and Jammu & Kashmir, challenging the Centre’s 2024-25 survey that reported no one engaged in the practice. The organisation says it has photographic evidence of women manually removing human waste from dry toilets and plans to seek a fresh survey and action to end the illegal practice within 60 days.

dot image
To advertise here,contact us
dot image