

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ ജില്ല ഒഴികെ ഡല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലും ഐഎംഡി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അടുത്ത കുറച്ച് മണിക്കൂറുകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ചയും വിവിധ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നീരക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വരും ദിവസങ്ങളില്‍ നിരവധി പ്രദേശങ്ങളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി. ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍, മധ്യപ്രദേശ് തുങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളിലും സെപ്റ്റംബര്‍ 7 വരെ മഴ തുടരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച, ഡെറാഡൂണ്‍, തെഹ്രി, ഉത്തരകാശി, നൈനിറ്റാള്‍, ചമ്പാവത്, ഉധം സിംഗ് നഗര്‍, പിത്തോറഗഡ്, ബാഗേശ്വര്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കഴിഞ്ഞ രാത്രി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. അസമിലും ഉത്തരാഖണ്ഡിലുമായി കുറഞ്ഞത് 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും നദികള്‍ കരകവിഞ്ഞിരുന്നു. റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. അതേസമയം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി സ്‌കൂളുകള്‍ അടച്ചിട്ടു. ഉത്തരാഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം നദികളിലെ ജലനിരപ്പ് ഉയരുന്നതും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയും കാരണം ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും അതീവ ജാഗ്രതയിലാണ്.
Content Highlights: Rain is expected to continue, with a red warning reported for Delhi and rainfall warnings issued for several states by the India Meteorological Department