നേപ്പാൾ മിന്നൽ പ്രളയം: ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ; നന്ദി പറഞ്ഞ് നേപ്പാൾ

ഇന്ത്യൻ വ്യോമസേനയുടെ C-17 ഗതാഗത വിമാനം കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി നേപ്പാളിലേക്ക് ഇന്ന് പുറപ്പെട്ടു

നേപ്പാൾ മിന്നൽ പ്രളയം: ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ; നന്ദി പറഞ്ഞ് നേപ്പാൾ
dot image

ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ട്. മിഗ് 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ അടക്കം സജ്ജമാണെന്ന് ഇന്ത്യ അറിയിച്ചു. പ്രളയത്തില്‍ മലയാളികള്‍ അടക്കം 133 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. വിനോദസഞ്ചാരികളെയാണ് കൂടുതലായും കാണാതായത്.

ഇതിനിടെ ഇന്ത്യ 10 ടൺ മാനുഷിക സഹായവും അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (IAF) C-130J വിമാനത്തിലാണ് സഹായസാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അഭയകേന്ദ്രങ്ങൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സൗരോർജ വിളക്കുകൾ, മരുന്നുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള സാമഗ്രികളാണ് സഹായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഞങ്ങളുടെ ചിന്തകളും അനുശോചനവും പങ്കുവെക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നേപ്പാളിനും അവിടുത്തെ ജനങ്ങൾക്കുമൊപ്പം ഉറച്ചുനിൽക്കുന്നു' എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചത്.

ഇന്ത്യ നൽകിയ സഹായത്തിന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നന്ദി അറിയിച്ചു. 'ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും ഇന്ത്യാ സർക്കാരിനും നന്ദി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഉദാരമായ മാനുഷിക സഹായവും നിർണായകമായ മെഡിക്കൽ സാമഗ്രികളും നൽകിയതിന് നന്ദി. ഈ പ്രയാസകരമായ ഘട്ടത്തിൽ ഇന്ത്യ അതിവേഗം നൽകിയ സഹായം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെയും പരസ്പര ഐക്യദാർഢ്യത്തിന്റെയും പ്രതിഫലനമാണ്' എന്നായിരുന്നു നേപ്പാൾ വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചത്.

വ്യാഴാഴ്ച രാവിലെ ആറിന് ഇന്ത്യൻ വ്യോമസേനയുടെ C-17 ഗതാഗത വിമാനം കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി നേപ്പാളിലേക്ക് പുറപ്പെട്ടു. അതേസമയം, ആവശ്യമായാൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) പ്രളയ രക്ഷാസംഘം സജ്ജമായി തുടരുകയാണ്. റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നതും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതും നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

നേപ്പാളിന് ആവശ്യമായ സഹായം ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. നേപ്പാള്‍ ജനതയ്‌ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സംഘങ്ങള്‍ ഒപ്പമുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 157 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി വരെ 157 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് നേപ്പാള്‍ പൊലീസ് അറിയിച്ചത്. നേപ്പാള്‍ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് 400ലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതില്‍ ഏകദേശം 340 പേര്‍ വിദേശികളാണ്.

Content Highlights: India has sent 10 tonnes of humanitarian assistance and essential medicines to Nepal following devastating flash floods. An Indian Air Force C-130J aircraft transported emergency supplies, including temporary shelters, blankets, hygiene kits, solar lamps and medicines, as part of India’s relief and rescue efforts in Nepal.

dot image
To advertise here,contact us
dot image