

ദുബായിലുള്ളവർക്ക് സന്തോഷവാർത്തയുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ). നബിദിന അവധിയോട് അനുബന്ധിച്ച് ദുബായില്‍ പൊതു പാര്‍ക്കിങ് സൗകര്യങ്ങള്‍ ഓഗസ്റ്റ് 28 ന് സൗജന്യമായിരിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. മള്‍ട്ടി സ്‌റ്റോറി പാര്‍ക്കിങ് സംവിധാനങ്ങള്‍ ഒഴികെയുള്ള എല്ലാ പാര്‍ക്കിങുകളിലും ഈ ഇളവ് ബാധകമാണ്. ഓഗസ്റ്റ് 29 മുതല്‍ പുതിയ പാര്‍ക്കിങ് ഫീസുകള്‍ നിലവില്‍ വരുമെന്നും ആര്‍ടിഎ അറിച്ചു.
കൂടാതെ പൊതുഗതാഗത്തിലും മറ്റ് സേവനങ്ങളിലും ആര്‍ടിഎ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ നാളെ രാവിലെ അഞ്ച് മണി മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1 മണി വരെ പ്രവര്‍ത്തിക്കും. ദുബായ് ട്രാം രാവിലെ 6 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെ സര്‍വീസ് നടത്തും. പൊതു ബസുകളുടെ വിവരങ്ങള്‍ക്കായി ആര്‍ ടി എയുടെ സഹൈല്‍ (S'hail) അപ്പ് പരിശോധിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
ഇന്നുമുതല്‍ ഈ മാസം 30 വരെ അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നുള്ള E100 ബസ് സര്‍വീസ് ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇബ്‌നു ബത്തൂത്ത (Ibn Battuta) ബസ് സ്റ്റേഷനില്‍ നിന്നുള്ള E101 ബസ് സര്‍വീസിനെ ആശ്രയിക്കണം. മറൈന്‍ ഗതാഗത സര്‍വീസുകളുടെ വിവരങ്ങള്‍ ആര്‍ ടി എയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ലഭ്യമാണെന്ന് ആര്‍ടിഎ അറിയിച്ചിട്ടുണ്ട്.
Content Highlight: Dubai’s Roads and Transport Authority has announced free public parking during the Prophet’s Birthday holiday, with standard parking fees waived in most public zones except multi-storey parking facilities.