നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്; രണ്ടാം പ്രതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ബോംബെ ഹൈക്കോടതി

കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ശരദ് കലാസ്‌കര്‍ക്ക് 2026 ഏപ്രിലില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു

നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്; രണ്ടാം പ്രതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ബോംബെ ഹൈക്കോടതി
dot image

മുംബൈ: സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറിന്റെ കൊലപാതകത്തില്‍ രണ്ടാംപ്രതി സച്ചിന്‍ അന്തുറെയുടെ ശിക്ഷാവിധി മരവിപ്പിച്ചു. ജീവപര്യന്തം ശിക്ഷാവിധിയാണ് ബോംബെ ഹൈക്കോടതി മരവിപ്പിച്ചത്. പ്രതിക്കെതിരായ തെളിവുകള്‍ ദുര്‍ബലമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അപ്പീലില്‍ വെറുതെ വിടാനുള്ള സാധ്യതയുണ്ടെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് സാരംഗ് കൊത്ത്വാള്‍, ജസ്റ്റിസ് രഞ്ജിത് സിന്‍ഹ ഭോണ്‍സ്ലെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി റദ്ധ് ചെയ്യുകയും ചെയ്തത്. കമ്മ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെ വധക്കേസിലും സച്ചിന്‍ അന്തുെറ പ്രതിയാണ്. ഈ കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ശരദ് കലാസ്‌കര്‍ക്ക് 2026 ഏപ്രിലില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ആനുകൂല്യം മുന്‍നിര്‍ത്തിയാണ് അന്തുറെയ്ക്കും കോടതി ജാമ്യം നല്‍കിയത്. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് കോടതി വിധി. ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ 2013 ആഗസ്റ്റ് 20-ന് പൂനെയില്‍ പ്രഭാത സവാരിക്കിടെയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. സിബിഐ അന്വേഷിച്ച ഈ കേസില്‍ 2024 മേയ് 10-നാണ് പൂനെയിലെ പ്രത്യേക കോടതി സച്ചിന്‍ അന്തുറെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസിലുള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ അന്ന് തന്നെ കോടതി വെറുതെ വിട്ടിരുന്നു.

പ്രതിയെ തിരിച്ചറിയാന്‍ 'ടെസ്റ്റ് ഐഡന്റിഫിക്കേഷന്‍ പരേഡ്' (തിരിച്ചറിയല്‍ പരേഡ്) നടത്തുന്നതിന് പകരം, സാക്ഷികളെക്കൊണ്ട് പ്രതിയുടെ ഫോട്ടോകള്‍ കാണിച്ച് തിരിച്ചറിയല്‍ നടത്തിയ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) നടപടിയിലും കോടതി കടുത്ത സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

Content Highlights: The Bombay High Court has stayed the life sentence imposed on second accused Sachin Andure in the Narendra Dabholkar case. The court observed that the evidence against Andure appeared weak and noted the possibility of his acquittal in the appeal.

dot image
To advertise here,contact us
dot image