ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ ഉപയോഗ കാലാവധി 5 വര്‍ഷം കൂടി നീട്ടും; വാണിജ്യ വാഹനങ്ങള്‍ക്കാണ് ഇളവ്

ദേശീയ പെര്‍മിറ്റ് സംവിധാനത്തിന് കീഴിലുള്ള ബാറ്ററി, ഹൈഡ്രജന്‍ ഇന്ധനം, പ്രകൃതി വാതകം എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ ഉപയോഗകാലാവധിയാണ് നീട്ടുക

ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ ഉപയോഗ കാലാവധി 5 വര്‍ഷം കൂടി നീട്ടും; വാണിജ്യ വാഹനങ്ങള്‍ക്കാണ് ഇളവ്
dot image

ന്യൂഡല്‍ഹി: ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ അനുവദനീയമായ ഉപയോഗകാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ദേശീയ വാഹന പെര്‍മിറ്റുകള്‍ ഡിജിറ്റലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നാഷണൽ പെര്‍മിറ്റ് സംവിധാനത്തിന് കീഴിൽ ബാറ്ററി, ഹൈഡ്രജന്‍ ഇന്ധനം, പ്രകൃതി വാതകം എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ ഉപയോഗകാലാവധിയാണ് നീട്ടുക. നാഷണൽ പെര്‍മിറ്റ് നടപടികള്‍ ലളിതമാക്കുന്നതിനും കൂടുതല്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിനുമായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തയ്യാറാക്കിയ കരട് ഭേദഗതിയിലാണ് ഈ നിര്‍ദേശം. ബാറ്ററി, ഹൈഡ്രജന്‍, പ്രകൃതി വാതകം ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിലവിലെ കാലാവധി യഥാക്രമം 12 വര്‍ഷവും 15 വര്‍ഷവുമാണ്. ഇത് യഥാക്രമം 17 വര്‍ഷവും 20 വര്‍ഷവുമായി ഉയര്‍ത്താനാണ് നിര്‍ദേശം.

എന്നാല്‍ ഈ ഇളവ് എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും ബാധകമാകില്ല. ബാറ്ററി, ഹൈഡ്രജന്‍, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (CNG) എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും അധിക അഞ്ച് വര്‍ഷത്തെ കാലാവധി ലഭിക്കുക. വാണിജ്യ ഗതാഗത മേഖലയിലുള്ളവര്‍ക്ക് ഇത് സാമ്പത്തികമായി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ കാലം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതോടെ ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍ നിന്ന് പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്ക് മാറാന്‍ ഉടമകളെ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാണിജ്യ വാഹന ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി നാഷണൽ പെര്‍മിറ്റ് സംവിധാനം പൂര്‍ണമായും ഓണ്‍ലൈനാക്കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, അന്തര്‍സംസ്ഥാന വാണിജ്യ ഗതാഗതത്തിനുള്ള നാഷണൽ പെര്‍മിറ്റിന് അപേക്ഷിക്കുന്നതും പെര്‍മിറ്റ് ലഭിക്കുന്നതും ഓണ്‍ലൈനായി തന്നെ പൂര്‍ത്തിയാക്കാം. പേപ്പര്‍ രഹിത സംവിധാനത്തിലേക്ക് മാറുന്നതിലൂടെ അനാവശ്യമായ കാലതാമസം ഒഴിവാക്കി കൂടുതല്‍ സുതാര്യമായ സംവിധാനം ഒരുക്കാനാവും.

വാഹന ഘടക നിര്‍മ്മാതാക്കളെക്കൂടി ഉള്‍പ്പെടുത്തി ട്രേഡ് സര്‍ട്ടിഫിക്കറ്റ് സംവിധാനം വിപുലീകരിക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമായും വാഹന നിര്‍മ്മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കുമാണ് നല്‍കുന്നത്. ഘടക നിര്‍മ്മാതാക്കളെക്കൂടി ഈ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ഓട്ടോമോട്ടീവ് ഭാഗങ്ങള്‍ പരിശോധിക്കുന്നതിനും കൊണ്ടുപോകുന്നതിനും കൂടുതല്‍ സൗകര്യമുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാണിജ്യ ഗതാഗത രംഗവും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശങ്ങള്‍. പേപ്പര്‍വര്‍ക്കുകള്‍ കുറയ്ക്കുന്നതിനായി വാഹന്‍ ഡാറ്റാബേസ് ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. താല്‍ക്കാലിക വാഹന രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹന രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് ഫോമുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും കരട് ഭേദഗതിയില്‍ നിര്‍ദേശമുണ്ട്. കരട് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും എതിര്‍പ്പുകളും അറിയിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Content Highlights: he Centre has proposed extending the permitted lifespan of electric, CNG and hydrogen-powered commercial vehicles by five years, while also moving the National Permit system fully online to simplify procedures and reduce paperwork

dot image
To advertise here,contact us
dot image